ഓങ് സാന്‍ സൂ ക്കീക്ക് നല്‍കിയ പരമോന്നത ബഹുമതി ആംനസ്റ്റി പിന്‍വലിച്ചു

ലണ്ടന്‍- മ്യാന്‍മര്‍ ഭരണകക്ഷി നേതാവ് ഓങ് സാന്‍ സൂ ക്കിക്ക് നല്‍കിയ പരമോന്നത ബഹുമതി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു. മ്യാന്‍മറില്‍ റോഹിംഗ്യ മുസ്ലിംകള്‍ക്കെതിരെ സൈന്യം നടത്തുന്ന അതിക്രമങ്ങളോടും വംശഹത്യയോടുമുള്ള സൂ ക്കിയുടെ നിലപാടില്‍ വിയോജിച്ചാണ് ആംനസ്റ്റ് പുരസ്‌ക്കാരം തിരികെ വാങ്ങുന്നത്. ഈ നിലാടിന്റെ പേരില്‍ നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നഷ്ടമായ സൂ ക്കിക്ക് നഷ്ടമാകുന്ന ഏറ്റവും ഒടുവിലത്തെ ഉയര്‍ന്ന ബഹുമതിയാണ് ആംനസ്റ്റിയുടേത്. അംബാസഡര്‍ ഓഫ് കോണ്‍ഷനസ് എന്ന ആംനസ്റ്റിയുടെ പരമോന്നത ബഹുമതി 2009ലാണ് സൂ ക്കിക്ക് ലഭിച്ചത്. അന്ന് അവര്‍ മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ വീട്ടു തടങ്കലിലായിരുന്നു. 1991ലെ സമാധാന നൊബേല്‍ ജേതാവു കൂടിയാണ് സൂ ക്കീ. മ്യാന്‍മര്‍ സൈന്യം രാജ്യത്തു നിന്നും 7.20 ലക്ഷത്തോളം റോഹിംഗ്യ വംശജരായ മുസ്ലിംകളെ ബുദ്ധ ഭൂരിപക്ഷമുള്ള രാജ്യത്തു നിന്നും തുരത്തിയോടിച്ചിട്ടുണ്ട്. ഈ നടപടിയെ വംശഹത്യയെന്നാണ് ഐക്യ രാഷ്ട്ര സഭ പോലും വിശേഷിപ്പിച്ചത്. 

സൂ ക്കി ഇന്ന് പ്രതീക്ഷയുടെയും ധീരതയുടേയും മനുഷ്യാവകാശ പോരാട്ടത്തിന്റേയും ഒരു പ്രതീകമല്ലെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ വ്യാകുലതയുണ്ടെന്ന് ആംനസ്റ്റി മേധാവി കുമി നയ്ഡൂ പറഞ്ഞു.  അംബാസഡര്‍ ഓഫ് കോണ്‍ഷനസ് ബഹുമതി ജേതാവായി ഇനിയും സൂ ക്കിയെ കാണാനാകില്ലെന്നും അതിയായ ദുഃഖത്തോടെ ഈ ബഹുമതി എടുത്തു മാറ്റുകയാണെന്നും സൂ ക്കിക്ക് അയച്ച കത്തില്‍ ആംനസറ്റി വ്യക്തമാക്കുന്നു. ബഹുമതി എടുത്തുമാറ്റിയ വിവരം ഞായറാഴ്ച തന്നെ സൂ ക്കിയെ അറിയിച്ചിരുന്നെന്നും ആംനസറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് സൂ ക്കി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

റോഹിംഗ്യ വിഷയത്തിലെ സൂ ക്കിയുടെ നിലപാടില്‍ പ്രതിഷേധിച്ച് നേരത്തെ കാനഡ നല്‍കിയ ഓണററി പൗരത്വം പിന്‍വലിച്ചിരുന്നു. ഇതിനു പുറമെ നിരവധി സര്‍വകലാശാലകളും മറ്റു സംഘടനകളും സൂ ക്കിക്കു നല്‍കിയ പുരസ്‌ക്കാരങ്ങളും പിന്‍വലിച്ചിട്ടുണ്ട്. 

Latest News