Sorry, you need to enable JavaScript to visit this website.

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഇസ്രായിലി ആക്രമണങ്ങളില്‍ പത്ത് മരണം

ഇസ്രായില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഗാസ സിറ്റിയില്‍നിന്ന് പുക ഉയരുന്നു.

ഗാസ സിറ്റി -ചെറിയ ഇടവേളക്കുശേഷം ഗാസയില്‍ വീണ്ടും ഇസ്രായിലി സൈന്യത്തിന്റെ കടന്നാക്രമണവും കൂട്ടക്കുരുതിയും. പത്ത് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഇസ്രായിലിന്റെ പ്രത്യേക സേന നടത്തിയ രഹസ്യ ഓപ്പറേഷനിനിടെ ഏഴ് ഫലസ്തീനി യുവാക്കള്‍ കൊല്ലപ്പെട്ടു. ഇന്നലെ പകല്‍ വീണ്ടും നടത്തിയ വ്യോമാക്രമണങ്ങളില്‍ മൂന്ന് പേരും.

ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങളുടെ പേരിലാണ്  ഇസ്രായിലി പോര്‍ വിമാനങ്ങള്‍ ഗാസയില്‍ ബോംബ് വര്‍ഷിച്ചത്. റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് സമ്മതിച്ചു. ഈ ആക്രമണത്തില്‍ ഏതാനും ഇസ്രായിലി പൗരന്മാര്‍ക്ക് നിസ്സാര പരിക്കുണ്ട്.
ഞായറാഴ്ച രാത്രി തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് വഴി നുഴഞ്ഞു കയറിയെ ഇസ്രായിലി രഹസ്യപ്പോലീസിന്റെ നടപടിയാണ് ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവരെ അതിര്‍ത്തിയില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്  തടയുകയും പരിശോധിക്കുകയും ചെയ്തു. വന്നത് ഇസ്രായിലി സൈനികരാണെന്ന് മനസ്സിലായതോടെ അല്‍ഖസ്സാം ബ്രിഗേഡ് അവരെ തടഞ്ഞു. ഇതോടെ ഇസ്രായിലി സൈന്യം വെടിവെക്കുയായിരുന്നു. വെടിവെയ്പില്‍ അല്‍ഖസ്സാം കമാണ്ടര്‍ നൂര്‍ ബറക അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇസ്രായിലി സൈനികര്‍ വന്ന വാഹനത്തില്‍ തിരികെ പോകാന്‍ ശ്രമിക്കുകയും ആരും അടുക്കാതിരിക്കാന്‍ ആകാശത്തുനിന്ന് ഇസ്രായിലി പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തു. അധികം വൈകാതെ ഇസ്രായിലി സൈനിക ഹെലിക്കോപ്റ്റര്‍ എത്തിയാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.
ഗാസയില്‍ രഹസ്യ ആക്രമണം നടത്താനായി ഇസ്രായില്‍ സൈന്യം നുഴഞ്ഞുകയറുകയാരുന്നുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഇന്റലിജന്‍സ് വിവര ശേഖരണത്തിനാണ് തങ്ങളുടെ ഏജന്റുമാര്‍ എത്തിയതെന്നും ആരെയും കൊല്ലാനോ തട്ടിക്കൊണ്ടുപോകാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇസ്രായില്‍ പറയുന്നു. ദൗത്യത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും സൈനിക വക്താവ് പറഞ്ഞു.
ദൗത്യം പൊളിഞ്ഞതോടെയാണ് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടത്തിയ ബോംബാക്രമണവും.
സ്ഥിതി വളഷളായതോടെ പാരീസിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു ഇന്നലെ ഇസ്രായിലില്‍ തിരിച്ചെത്തുകയും, സുരക്ഷാ മേധാവികളുടെ യോഗം വിളിക്കുകയും ചെയ്തു.
ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനി സൈനികരുടെ ഖബറടക്ക ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

 

 

Latest News