Sorry, you need to enable JavaScript to visit this website.

ബിന്‍ലാദിനില്‍നിന്ന് നവാസ് ശരീഫ് പണം വാങ്ങിയെന്ന് ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്- കശ്മീരിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദിനില്‍നിന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പണം വാങ്ങിയെന്ന് ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) ആരോപിച്ചു. നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട പി.ടി.ഐ, ശരീഫിനെതിരെ കേസെടുക്കണമെന്നഭ്യര്‍ഥിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. പാക്കിസ്ഥാനിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി വിദേശികളില്‍നിന്ന് പണം സ്വീകരിച്ചത് കണക്കിലെടുത്ത് ശരീഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്ന് പി.ടി.ഐ വക്താവ് ഫവാദ് ചൗധരി പറഞ്ഞു.
എന്നാല്‍ നവാസ് ശരീഫ് പണം വാങ്ങുന്നതിന്റെ തെളിവുകളൊന്നും പി.ടി.ഐ നേതാക്കളുടെ പക്കലില്ല. 2010 ല്‍ പാക്കിസ്ഥാനി താലിബാന്‍ ക്രൂരമായി വധിച്ച ഐ.എസ്.ഐ ചാരന്‍ ഖാലിദ് ഖവാജയുടെ വിധവ ഷമാമ ഖാലിദ് എഴുതിയ പുസ്തകത്തിലെ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് ആധാരം. കൂടാതെ ചില അഭിമുഖങ്ങളിലെ പരാമര്‍ശങ്ങളും. 
1980 മുതല്‍ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് ചൂഴ്ന്നുനിന്ന ഇരുണ്ട അധ്യായത്തിലേക്ക് വെളിച്ചം വീശാനും ശരീഫിന്റെ പ്രതിഛായ ഒന്നുകൂടി മോശമാക്കാനുമാണ് പി.ടി.ഐയുടെ ശ്രമമെന്ന് പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉസാമയില്‍നിന്ന് 150 കോടി രൂപ ശരീഫ് കൈപ്പറ്റിയെന്നാണ് ഷമാമ ഖാലിദിന്റെ പുസ്തകത്തിലും മറ്റു ചില അഭിമുഖങ്ങളിലുമുള്ളത്. ഇതില്‍നിന്ന് 27 കോടി രൂപ 1989 ല്‍ ബേനസീര്‍ ഭുട്ടോ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് പിന്തുണ ഉറപ്പാക്കാന്‍ വേണ്ടി ചെലവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1989 ല്‍ പാക് ഇന്റലിജന്‍സ് ബ്യൂറോയുടെ ഫണ്ടില്‍ തിരിമറി നടന്നിരുന്നുവെന്ന് അന്ന് ഐ.ബി ഡയറക്ടര്‍ ജനറലും പിന്നീട് പി.ടി.ഐ നേതാവുമായ മസൂദ് ശരീഫ് ഖാന്‍ ഖട്ടക് 2013 ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഒമ്പതു പേജുള്ള സത്യവാങ്മൂലത്തില്‍ പക്ഷേ ശരീഫിനെ കുറ്റപ്പെടുത്തുന്നില്ല. പകരം അന്നത്തെ പാക് പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനെയും സൈനിക മേധാവി മിര്‍സ അസ്‌ലം ബെയ്ഗിനെയുമാണ്. ഭുട്ടോയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഈ രണ്ട് പേര്‍ക്കുമായിരുന്നു താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മുന്‍കാലങ്ങളില്‍ ശരീഫ് പല രാഷ്ട്രീയ ഗൂഢാലോചനകളും നടത്തിയിട്ടുണ്ടെന്ന് ഫവാദ് ചൗധരി കുറ്റപ്പെടുത്തി. 2012 ലെ അസ്ഗര്‍ ഖാന്‍ കേസ് വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച പി.ടി.ഐ പ്രസ്താവിച്ചിരുന്നു. 1990 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കെതിരെ സഖ്യത്തിനു രൂപം നല്‍കുന്നതിന് ശരീഫും മറ്റേതാനും നേതാക്കളും ഒരു ഇന്റലിജന്‍സ് ഏജന്‍സിയില്‍നിന്ന് പണം വാങ്ങിയെന്ന് ആ വിധിയില്‍ കോടതി കണ്ടെത്തിയിരുന്നു. രണ്ട് വിഷയങ്ങളിലും അടുത്തയാഴ്ച സുപ്രീം കോടതിയില്‍ കേസ് നല്‍കുമെന്നാണ് പി.ടി.ഐ അറിയിച്ചത്.

Latest News