തിരുവനന്തപുരം- ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജി സമര്‍പ്പിച്ച മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കത്തു നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു. മുസ്്‌ലിം യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് അദീബ് രാജിസന്നദ്ധത അറിയിച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസമാണ് അദീബ് കത്തുനല്‍കിയത്. രാജി സന്നദ്ധത അറിയിച്ച് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.കെ. അക്ബറിന് ഇ-മെയില്‍ സന്ദേശം അയക്കുകയായിരുന്നു. മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാണ് അദീബ് ആവശ്യപ്പെട്ടത്.
അര്‍ഹരായവരെ തഴഞ്ഞാണ് അദീബിനെ നിയമിച്ചതെന്നും അദ്ദേഹത്തിന്റെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ജനറല്‍ മാനേജരായി അദീബിനെ നിയമിക്കുന്നതിനു മുമ്പ് വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിരുന്നില്ല. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കു ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കിയതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അദീബുമായി അകന്ന ബന്ധമാണ് തനിക്കുള്ളതെന്നും കാര്യങ്ങള്‍ സുതാര്യമാണെന്നുമായിരുന്നുമാണ് മന്ത്രി തുടക്കം മുതലേ വിശദീകരിച്ചിരുന്നത്. മന്ത്രി ജലീലിന്റെ പിതാവിന്റെ അര്‍ധസഹോദരന്റെ മകന്റെ മകനാണ് അദീബ്.