റായ്പൂര്‍- ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണിക്കിടെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റുകള്‍ക്ക് കാര്യമായ സ്വാധീനമുള്ള എട്ടു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ഇവിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തിയിരുന്നു. 15 ദിവസത്തിനിടെ 13 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. പലയിടത്തും വോട്ടര്‍മാരെ അതീവ സുരക്ഷാ അകമ്പടിയോടെയാണ് പോളിങ് ബുത്തുകളില്‍ എത്തിക്കുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതും. ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബസ്തര്‍, സുക്മ, ദണ്ഡെവാഡ, ബിജാപൂര്‍, കാങ്കെര്‍, കൊണ്ടഗാവ്, നാരയണ്‍പൂര്‍, രാജ്‌നന്ദഗാവ് എന്നീ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബാക്കി19 ജില്ലകളില്‍ അടുത്ത ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തുടര്‍ച്ചയായി നാലാം തവണയും അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഗണറാം സാഹു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ഇന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേരും. ദുര്‍ഗ സിറ്റി മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതു കാരണമാണ് സാഹു കോണ്‍ഗ്രസ് വിട്ടതെന്ന് റിപോര്‍ട്ടുണ്ട്.