ഇടുക്കി- കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തത്തിൽ നിന്ന് ഒഴിവായി. ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ മുണ്ടൻമുടി കമ്പകക്കാനത്ത് വെച്ചാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. നാട്ടുകാരൻ കൂടി ആയ ജിജി ടി.കെ ആയിരുന്നു ഡ്രൈവർ. ബ്രേക്ക് പോയിട്ടും മനഃസാന്നിധ്യം കൈവിടാതെ ജിജി കുത്തിറക്കത്തിൽ റോഡിന്റെ സൈഡിലെ മൺതിട്ടയിൽ ഇടിച്ച് ബസ് നിർത്തുകയായിരുന്നു.
ചെറുതോണിയിൽ നിന്നു തൊടുപുഴക്കു പോയ ബസിൽ 80 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നു. കഴിഞ്ഞ വർഷം ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടത് ബസ് ഇന്നലെ അപകടത്തിൽ പെട്ട സ്ഥലത്തിന്റെ സമീപത്താണ്. റോഡിന്റെ ശോചനീയാവസ്ഥയും കൊടും വളവുകളും കൂത്ത് ഇറക്കങ്ങളും മൂലം ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിൽ ചെറുതും വലുതുമായ അപകടങ്ങൾ നിത്യസംഭവമാണ്.






