ചേർത്തല- വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിച്ചിറങ്ങിയ പോലീസ്, ക്ഷേത്രത്തിൽ വിവാഹത്തിനൊരുങ്ങി നിന്ന ഭാര്യയെയും കാമുകനെയും 'മുഹൂർത്ത'ത്തിനു മുൻപ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇരുപതുകാരിയെയും മണിമല സ്വദേശിയും 27 കാരനുമായ കാമുകനെയുമാണ് ചേർത്തല പോലീസ് പിടികൂടി കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറിയത്.
യുവതിയുടെ ഭർത്താവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. കുറിപ്പിൽ സംശയം ഉണ്ടായതിനെ തുടർന്ന് പോലീസിൽ പരാതിയും നൽകി. ചേർത്തലക്ക് സമീപത്തെ ക്ഷേത്രത്തിൽ കാമുകനൊപ്പം യുവതി വിവാഹത്തിനായി എത്തിയെന്ന് അറിഞ്ഞതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ചേർത്തല പോലീസിന് വിവരം കൈമാറുകയായിരുന്നു.
തുടർന്നാണ് ഇരുവരേയും പിടികൂടിയത്. ഒൻപത് ദിവസം മുമ്പ് വീടുവിട്ടെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്. ആശുപത്രിയിൽ ബന്ധുവിനോടൊപ്പം കൂട്ടു നിൽക്കുമ്പോഴാണ് മറ്റൊരു രോഗിക്ക് കൂട്ടിനെത്തിയ യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.






