കൊച്ചി-അഞ്ച് ലക്ഷം രൂപയുടെ 503 മയക്കുമരുന്ന് ആംപ്യൂളുകളും 140 ലഹരി ഗുളികകളുമായി മധ്യവയസ്‌കൻ പിടിയിൽ. തോപ്പുംപടി, പനയപ്പിള്ളിയിലെ ഗോൾഡൻമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചി പെരുമ്പടപ്പ് കോണംകരയിൽ കട്ടത്തറയിൽ ഗുലാബി(46)യാണ് കാൻസർ രോഗികൾക്ക് നൽകുന്ന ബൂപ്രിനോർഫിൻ ആംപ്യൂളും നൈട്രോസപാം ഗുളികകളുമായി എകസൈസിന്റെ പിടിയിലായത്.
സമീപകാലത്ത് എറണാകുളത്ത് നടന്ന വലിയ ആംപ്യൂൾ ലഹരി ഗുളിക വേട്ടയാണിതെന്ന് എക്സൈസ് പറഞ്ഞു.മയക്കുമരുന്നിനടിമയായ ഗുലാബ് മുമ്പും ആംപ്യൂൾ കേസിൽ പ്രതിയായിട്ടുണ്ട്. മയക്കുമരുന്നുകൾ വീട്ടിനുള്ളിൽ സൂക്ഷിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. എറണാകുളം എക്സൈസ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡും ഇന്റലിജന്റ്സ് ബ്യൂറോയും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാർക്ക് ഇഞ്ചക്ഷൻ ചെയ്തു കൊടുക്കുന്ന പ്രതി ഒരേസിറിഞ്ചു തന്നെയാണ് ഉപയോഗിച്ചിരുന്നതെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ എസ് രഞ്ജിത് പറഞ്ഞു.
ശനിയാഴ്ച രാത്രി ഒമ്പതിന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആംപ്യൂളുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തത്. പ്രതിയായ ഗുലാബ് സ്ഥിരമായി മയക്കുമരുന്നുകൾ കുത്തിവെക്കുന്ന വ്യക്തിയാണ്. ബുപ്രിനോർഫിൻ ക്യാൻസർ രോഗത്തിന് വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ്. കറുപ്പിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ഒരു ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. 503 ആംപ്യൂളുകളിൽ 1006 ഗ്രാം ബൂപ്രിനോർഫിൻ അടങ്ങിയിട്ടുണ്ട്.