മുസ്ലിം വയോധികനെ ആള്‍കൂട്ടം കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിമുട്ടി; പൂജ കഴിഞ്ഞ് തുടരുമെന്ന്

പട്‌ന- ബിഹാറിലെ സിതാമാഡിയില്‍ 82-കാരനായ മുസ്ലിം വയോധികനെ ഹിന്ദുത്വതീവ്രവാദികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയും തീയിടുകയും ചെയ്ത സംഭവം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഛഠ് പൂജാ ചുമതലയില്‍ നിയോഗിച്ചതോടെ അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് മൂന്നാഴ് പിന്നിട്ടിട്ടും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല. ദസറ ആഘോഷവുമായി ബന്ധപ്പെട്ട് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിതാമാഡില്‍ കലാപ ശ്രമം നടക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനിടെയാണ് 82-കാരനായ സൈനുല്‍ അന്‍സാരി എന്ന വയോധികനെ ആള്‍കൂട്ടം ദാരുണമായി കൊലപ്പെടുത്തിയത്.

ഛഠ് പൂജ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താനാണ് അന്വേഷണം നിര്‍ത്തിവച്ചതെന്നും ഇതു പിന്നീട് തുടരുമെന്നുമാണ് പോലീസ് പറയുന്നത്. അന്‍സാരി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാഴ്ച പിന്നിട്ടിട്ടും ആരും അറസ്റ്റിലായിട്ടില്ല. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് നടപടി എടുക്കാന്‍ പോലും മുതിര്‍ന്നത്. ദിവസങ്ങളോളം സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത പോലും ആയില്ല. ഇതുവരെ കൊലപാതകത്തിന് പ്രത്യേക കേസെടുത്തിട്ടില്ല. പ്രദേശത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറോളം കേസുകളില്‍ ഉള്‍പ്പെടുത്തിയാണ് ഇതും അന്വേഷിക്കുന്നത്.

Latest News