കൊടികുത്തി മല വിളിക്കുന്നു 

പ്രകൃതി കനിഞ്ഞൊരുക്കിയ മനോഹാരിതയും കുളിര് കോരുന്ന കാലാവസ്ഥയുമായി സഞ്ചാരികളുടെ മനം കവരുകയാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി മല.
എപ്പോഴും വീശിയടിക്കുന്ന കുളിർകാറ്റും കോടമഞ്ഞും പച്ചപിടിച്ചു കിടക്കുന്ന കുന്നിൻ ചെരിവുകളുമൊക്കെ കൊടികുത്തി മലയിലേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും ആകർഷിക്കുന്ന ഘടകങ്ങളാണ്.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണക്കടുത്ത് താഴേക്കോട് പഞ്ചായത്തിൽ പെട്ട അമ്മിനിക്കാടൻ മലയുടെ ഭാഗമാണ് കൊടികുത്തി മല. ദേശീയ പാതയിൽ പൊന്ന്യാകുർശിയിൽ നിന്നും ഏഴു കിലോമീറ്റർ യാത്ര ചെയ്താൽ ഈ മലമുകളിലെത്താം.
ഉച്ചവെയിലിനു പോലും കുളിരാണിവിടെ. മലമുകളിൽ നിന്ന് നോക്കിയാൽ കാണുന്ന ഗ്രാമങ്ങളുടെ ദൂരക്കാഴ്ച സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നു. കോഴിക്കോട് കടൽ വരെയും മണ്ണാർക്കാട് ഡാം വരെയുള്ള പ്രദേശങ്ങളുടെ ദൂരക്കാഴ്ച ഇവിടെ നിന്ന് സാധ്യമാകും. ദൂരക്കാഴ്ചകൾ കാണാനായി ടൂറിസം വകുപ്പ് നിരീക്ഷണ ഗോപുരവും മലമുകളിൽ സ്ഥാപിച്ചിട്ടുണ്ട്. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പ് പോലുള്ള മേഖലയും ഇവിടെയുണ്ട്.
സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നടത്തിയ സർവ്വേയുടെ കൊടി നാട്ടിയതിനാലാണത്രേ ഈ പ്രദേശത്തിന് കൊടികുത്തി മല എന്ന പേര് വന്നത്. അയൽ ജില്ലകളിൽ നിന്നു പോലും ഇപ്പോൾ നിരവധി പേരാണ് സഞ്ചാരികളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്.


സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി ടൂറിസം വകുപ്പ് അഞ്ചു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റ്, അമ്യൂസ്‌മെന്റ് പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയൊക്കെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത മലനിരകളെ ബന്ധിപ്പിച്ച് റോപ്‌വേ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. നിർദിഷ്ട പദ്ധതികൾ നടപ്പിലാക്കുന്നതോടെ കേരളത്തിലെ തന്നെ ഒന്നാം തരം വിനോദ സഞ്ചാര കേന്ദ്രമായി കൊടികുത്തി മല മാറും.


 

Latest News