വെള്ളമടിച്ച് വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യാ പൈലറ്റ് പിടിയിലായി; യാത്രക്കാര്‍ പെട്ടു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം എ.ഐ 111 പറത്താനായി വെള്ളമടിച്ചെത്തിയ പൈലറ്റിനെ അധികൃതര്‍ കയ്യോടെ പിടികൂടി. വിമാനം പറത്തുന്നതിനു മുന്നോടിയായുള്ള ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ രണ്ടു തവണയും ഫലം എതിരായതോടെ മുതിര്‍ന്ന പൈലറ്റായ അരവിന്ദ് കഠ്പാലിയക്ക് വിലക്കേര്‍പ്പെടുത്തി. വിമാനം വൈകിയതോടെ ലണ്ടനിലേക്ക് പറക്കാനിരുന്ന യാത്രക്കാര്‍ ദല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങി. എയര്‍ ഇന്ത്യയുടെ ഡയറ്ക്ടര്‍ (ഓപറേഷന്‍സ്) കൂടിയാണ് കഠ്പാലിയ. വിമാനം പറത്തുന്നതിനു മുന്നോടിയായുള്ള നിര്‍ബന്ധിത വൈദ്യ പരിശോധനയില്‍ കഠ്പാലിയ അയോഗ്യനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. രണ്ടാമത് ഒരു അവസരം കൂടി നല്‍കിയെങ്കിലും ഈ പരിശോധനാ ഫലവും എതിരായി. തുടര്‍ന്ന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നെന്ന് മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കഠ്പാലിയ നിരന്തരം ചട്ട ലംഘനം നടത്തുന്നയാളാണെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ തന്നെ പറയുന്നു. വിമാനം പറത്തുന്നതിനു മുമ്പുള്ള വൈദ്യ പരിശോധന നടത്താന്‍ വിസമ്മതിച്ചതിന് 2017ല്‍ കഠ്പാലിയയുടെ പൈലറ്റ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയിരുന്നു. വൈമാനിക ചട്ടം 24 പ്രകാരം പൈലറ്റുമാര്‍ വിമാനം പറത്തുന്നതിനു മുമ്പുള്ള 12 മണിക്കൂറിനുള്ളില്‍ മദ്യപിക്കാന്‍ പാടില്ല. വിമാനം പറത്തുന്നതിന് മുമ്പ് മദ്യപാന പരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയരാകുകയും വേണം. മദ്യപാന പരിശോധനയില്‍ പരാജയപ്പെടുന്ന പൈലറ്റുമാരെ വിമാനം പറത്തുന്നതില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടം പറയുന്നത്.

ഇപ്പോള്‍ കുരുക്കിലായ കഠ്പാലിയയെ എക്‌സികുട്ടീവ് ഡയറക്ടറായി നിയമിച്ചതിനെതിരെ പൈലറ്റ് അസോസിയേഷന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഠ്പാലിയ പദവിയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കഠ്പാലിയയെ എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടര്‍ (ഓപറേഷന്‍സ്) എന്ന പദവിയില്‍ അഞ്ചു വര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. 

2017ല്‍ സസ്‌പെന്‍ഷനു വിധേയനായതിനു പുറമെ ഈ വര്‍ഷം ഓഗസ്റ്റില്‍ കഠ്പാലിയക്കെതിരെ വൈമാനിക ചട്ടം ലംഘിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തതിന് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദല്‍ഹിയില്‍ നിന്നും ബെംഗളുരുവിലേക്കുള്ള വിമാനം പറത്തുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ച സംഭവവമായി ബന്ധപ്പെട്ടായിരുന്നു ഇത്. അന്ന് നിയമം ലഘിച്ച് വിമാനം പറത്തുകയും പിന്നീട് ബെംഗളുരുവില്‍ ഇറങ്ങിയ ശേഷം വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചുവെന്നും ഇന്ത്യന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദല്‍ഹിയില്‍ തിരിച്ചെത്തിയ കഠ്്പാലിയ പ്രീ ഫ്‌ളൈറ്റ് വൈദ്യ പരിശോധനാ മുറിയില്‍ കയറി പരിശോധനാ രജിസ്റ്ററില്‍ തെറ്റായ വിവരം എഴുതിച്ചേര്‍ത്തെന്നുമായിരുന്നു കേസ്. തനിക്ക് അനൂലമായി മൊഴി നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും കഠ്പാലിയക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
 

Latest News