കൊല്‍ക്കത്ത- ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ നടത്തുന്ന രഥയാത്രയെ എതിര്‍ക്കുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന ബി.ജെ.പി വനിതാ നേതാവിന്റെ മുന്നറിയിപ്പ് വിവാദത്തില്‍.
ബി.ജെ.പിയുടെ രഥയാത്രക്ക് ആരു തടസ്സം നിന്നാലും അവരുടെ തല രഥത്തിന്റെ ചക്രത്തിനടിയില്‍ കിടന്നു ചതഞ്ഞരയുമെന്നാണ് മുന്‍ നടിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി രഥയാത്ര സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. മാള്‍ഡാ ജില്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി.
ബിജെപിയുടെ നേതൃത്വത്തില്‍ അടുത്ത മാസം 5, 6, 7 തീയതികളിലാണ് പശ്ചിമ ബംഗാളില്‍ രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന രഥയാത്ര ദേശീയ അധ്യക്ഷന്‍ അമിത് ഷാഉദ്ഘാടനം ചെയ്യും. യാത്രകളുടെ അവസാനം കൊല്‍ക്കത്തയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും.
സംസ്ഥാനത്തെ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്നതിനു വേണ്ടിയാണ് ബി.ജെ.പി നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥാ ചാറ്റര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ വിഭാഗീയ രാഷ്ട്രീയത്തെ തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






