സിഡ്‌നി- ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറി പഴങ്ങളില്‍ തയ്യല്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റിലായി. രാജ്യത്താകെ ആശങ്ക പടര്‍ത്തിയ സംഭവത്തില്‍ പോലീസിനെ കുഴക്കിയ അന്വേഷത്തിനൊടുവിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഓസ്‌ട്രേലിയയില്‍നിന്നുള്ള സ്‌ട്രോബറി ഇറക്കുമതി തടഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പനക്കുവെച്ച സ്‌ട്രോബറി പ്ലാസ്റ്റിക് ബോക്‌സുകളിലാണ് ആദ്യമായി തയ്യല്‍ സൂചികള്‍ കണ്ടെത്തിയത്. കുറ്റവാളിയെ കണ്ടെത്താനാകുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഉയര്‍ത്തുകയും ചെയ്തു.
സ്‌ടോബ്രറി കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് സ്‌ട്രോബറിയില്‍ തയ്യല്‍ സൂചി കണ്ടെത്തിയ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ട്രോബറി പഴങ്ങളിലും തയ്യല്‍ സൂചികളും മറ്റു പിന്നുകളും കണ്ടെത്തിയ നൂറിലേറെ സംഭവങ്ങളാണ് പോലീസ് അന്വഷിച്ചത്.
അയല്‍രാജ്യമായ ന്യൂസിലാന്‍ഡിലും തയ്യല്‍ സൂചി കണ്ടെത്തിയ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സങ്കീര്‍ണമായ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ചയാണ് ഒരു 50 വയസ്സുകാരി അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ എന്തായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാകുകയുള്ളൂ.
അട്ടിമറിയെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് സ്‌ട്രോബറി ഒഴിവാക്കിയിരുന്നു. ടണ്‍കണക്കിനു സ്‌ട്രോബറികളാണ് കര്‍ഷകര്‍ക്ക് നശിപ്പിക്കേണ്ടി വന്നത്. പഴങ്ങളില്‍ മായം കലര്‍ത്തുന്നവര്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെയാണ് ജയില്‍ ശിക്ഷ വര്‍ധിപ്പിച്ചത്.






