Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരുടെ പ്രതിദിന വാട്ട്‌സാപ്പ് വിഡിയോ കാള്‍ അഞ്ച് കോടി മിനിറ്റ്


ഇന്ത്യക്കാര്‍ ദിവസം 50 ദശലക്ഷം മിനിറ്റ് വാട്ട്‌സാപ്പ് വിഡിയോ കോള്‍ ചെയ്യുന്നുവെന്ന് കണക്ക്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉപയോക്താക്കളെ അപേക്ഷിച്ച് ഇന്ത്യക്കാരാണ് ഒന്നാംസ്ഥാനത്ത്. ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചതും പല കമ്പനികളും സൗജന്യ നെറ്റുമായി രംഗത്തുവന്നതുമാകാം കാരണം. ഗൂഗിളിന്റ അല്ലോ, വൈബര്‍, ഹൈക്ക് തുടങ്ങിയവയോടാണ് ഇന്ത്യയില്‍ വാട്ട്‌സാപ്പ് പ്രധാനമായും മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വാട്ട്‌സാപ്പ് ഇന്ത്യയില്‍ വിഡിയോ കാള്‍ സേവനം ആരംഭിച്ചത്. മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പിനേയും ആപ്പിളിന്റെ ഫേസ് ടൈമിനേയും ഗൂഗിളിന്റെ ഡുവോയെയും മറികടന്നിരിക്കയാണ് വാട്ട്‌സാപ്പ്. റിലയന്‍സ് ജിയോ സൗജന്യ ഡാറ്റ നല്‍കിയതുകൊണ്ടാകാം നവംബര്‍ മുതല്‍ വാട്ട്‌സാപ്പിനു തുടര്‍ച്ചയായി ഇത്രയും വലിയ വളര്‍ച്ച കൈവരിക്കാനായത്.
ഇന്ത്യയില്‍ 200 ദശലക്ഷം പേരാണ് സജീവമായി വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ലോകത്ത് 100 കോടിയിലേറെയാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍. ബിസിനസുകാര്‍ക്ക് ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ കൂടി വാട്ട്‌സാപ്പ് വേദിയാകുന്നതോടെ ഇനിയും നിര്‍ണായക പുരോഗതി കൈവരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൂന്നാം കക്ഷിയുടെ പരസ്യങ്ങള്‍ തങ്ങള്‍ അനുവദിക്കില്ലെന്നാണ് വാട്ട്‌സാപ്പ് ഉടമകളായ ഫേസ്ബുക്ക് ആവര്‍ത്തിക്കുന്നത്. ബാങ്കുകളുമായും എയര്‍ലൈന്‍സുകളുമായും മറ്റും ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനുള്ള ഫീച്ചറുകളാണ് വാട്ട്‌സാപ്പ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളും ആനിമേഷനുകളും ഉപയോഗിച്ച് തങ്ങളുടെ കഥ പറയാനാകുന്ന സ്റ്റോറി ഫീച്ചര്‍ ഈയിടെ വാട്ട്‌സാപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം ആരംഭിക്കുന്നതിലാണ് അടുത്തതായി അവരുടെ കണ്ണ്. ഡിജിറ്റല്‍ ട്രാന്‍സാക് ഷന്‍ മേധാവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. ഡിജിറ്റല്‍ വ്യാപാരത്തില്‍ വാട്ട്‌സാപ്പിന് എന്തു സംഭവനകളര്‍പ്പിക്കാന്‍ സാധിക്കുമെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വാട്ട്‌സാപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക് ഷന്‍ കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെ സന്ദര്‍ശിച്ചിരുന്നു.
 

Latest News