കക്കോവ് മഹല്ല് തെരഞ്ഞെടുപ്പ്; ബാലറ്റ് പെട്ടി എടുത്തോടി, ഇ.കെ വിഭാഗം പാനലിന് വിജയം

കൊണ്ടോട്ടി- മൂന്നു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കക്കോവ് മഹല്ല് മസ്ജിദുല്‍ ഹിദായയുടെ ഭരണ സമിതിയിലേക്ക് നടത്തിയ വോട്ടെടുപ്പില്‍ നാടകീയ രംഗങ്ങള്‍. ബാലറ്റ് പെട്ടി എടുത്ത് ഓടിയവരെ പോലീസ് പിടികൂടി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സമസ്ത ഇ.കെ വഭാഗം പാനലിന്  ഭരണം നേടാനായി. ആകെ പോള്‍ ചെയ്ത 598 വോട്ടില്‍ 481 വോട്ടുകളും നേടി.
ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘത്തിനു കീഴിലുള്ള മസ്ജിദുല്‍ ഹിദായയുടെയും ദാറുല്‍ ഹിഖം മദ്രസയുടെയും അനുബന്ധ വഖഫ് സ്വത്തുക്കളുടെയും  നടത്തിപ്പുമായി ബന്ധപ്പെട്ട് കാന്തപുരം സുന്നി വിഭാഗം അവകാശ വാദം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തര്‍ക്കത്തെ തുടര്‍ന്ന് 2015 ല്‍ മഹല്ല് ജുമുഅത്ത് പള്ളി അടച്ചു പൂട്ടുകയായിരുന്നു. മഹല്ല് കമ്മറ്റി വഖഫ് ബോര്‍ഡിലും വഖഫ് ട്രൈബ്യൂണല്‍ കോടതിയിലും ഹൈക്കോടതിയിലുമടക്കം കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവായത്.
വോട്ട് ചെയ്യാനെന്നത്തിയ ആളാണ് ബൂത്തില്‍ കയറി ഒന്നാം നമ്പര്‍ ബൂത്തിലെ  വോട്ടുപെട്ടി എടുത്ത് ഓടി ബാലറ്റ് പേപ്പര്‍ നശിപ്പിച്ചത്. പോലിസ്  പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പുല്‍പരമ്പില്‍ ഹനീഫ,കുനിയോട്ടു മൂല അലി അക്ബര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു. തുടര്‍ന്ന് വരണാധികാരി ബൂത്ത് ഒന്നിലെ ഇലക്ഷന്‍ വീണ്ടും നടത്താന്‍ ഉത്തരവിടുകയായിരുന്നു.      വാഴക്കാട്,പുളിക്കല്‍,കൊണ്ടോട്ടി,കരിപ്പൂര്‍,വേങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി നൂറിലേറെ പോലിസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

 

 

Latest News