Sorry, you need to enable JavaScript to visit this website.

ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ചങ്കൂറ്റം കാണിക്കണം -കെ.മുരളീധരൻ

തിരുവനന്തപുരം- ശബരിമലയിൽ കലാപാഹ്വാന പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയെ ചൊവ്വാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യാൻ സർക്കാർ തയാറാകുമോയെന്ന് കെ.മുരളീധരൻ എം.എൽ.എ. പോലീസ് കേസെടുത്തതിനെതിരെ ശ്രീധരൻപിള്ള ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിട്ടില്ല.
ചൊവ്വാഴ്ചയാണ് അടുത്ത ഹിയറിംഗ്. അടുത്ത ഹിയറിങ് വരെ ശ്രീധരൻപിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പോലീസ് പറയുന്നത്. 
സർക്കാരിന് ശ്രീധരൻപിള്ളയെ രഥയാത്രക്കിടെ അറസ്റ്റ് ചെയ്യാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്രക്കിടെ ലാലുപ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. സർക്കാർ ചങ്കൂറ്റം കാണിക്കണം. ചൊവ്വാഴ്ചക്കകം ശ്രീധരൻപിള്ളയെ അറസ്റ്റു ചെയ്താൽ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സർക്കാരിനുണ്ടാകും. 
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ചത് ആർ.എസ്.എസ് ആണെങ്കിൽ എന്തുകൊണ്ട് പോലീസ് അറസ്റ്റു ചെയ്യുന്നില്ല. എൻ.എസ്.എസ് മന്ദിരം ആക്രമിച്ചവരെയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡി.ജി.പിക്ക് ആർ.എസ്.എസ് നിലപാടാണ്. ഗുജറാത്തിൽ കലാപം നടന്ന സമയത്ത് അവിടെ പ്രവർത്തിച്ച ഉദ്യോഗസ്ഥനായ ബെഹ്‌റ ആർ.എസ്.എസ് നിലപാടിനോട് യോജിപ്പുള്ള ഉദ്യോഗസ്ഥനായാണ് കേരളത്തിലേക്ക് തിരിച്ചു വന്നത്.
മോഡിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ബെഹ്‌റ ഡി.ജി.പി തസ്തികയിൽ കേരളത്തിലേക്ക് വന്നപ്പോൾ പലർക്കും നിയമനത്തിൽ സംശയമുണ്ടായി. അത് ശരിവെക്കുന്നതാണ് ഡി.ജി.പിയുടെ നടപടികൾ. ആർ.എസ്.എസ് എന്തു ചെയ്താലും പോലീസ് കയ്യുംകെട്ടി നോക്കിനിൽക്കുന്നു. പോലീസിന് തകരാർ സംഭവിച്ചാൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് ഉത്തരവാദിത്തം. രണ്ടു പേരും വിഷയത്തിൽ കുറ്റക്കാരാണ്. മുഖ്യമന്ത്രി സ്വന്തം വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് കോൺഗ്രസിനെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

 

Latest News