കണ്ണൂർ- അഴീക്കോട് നിയമസഭാംഗം കെ.എം.ഷാജിക്കെതിരെ കോടതി വിധിക്കു കാരണമായ ലഘുലേഖയുടെ ഉറവിടം തേടി മുസ്‌ലിം ലീഗ്. ഇത്തരമൊരു നോട്ടീസ് മുസ്‌ലിം ലീഗോ യു.ഡി.എഫോ തയാറാക്കുകയോ മണ്ഡലത്തിൽ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഈ നോട്ടീസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്ന് ഈ വിഷയം ചർച്ച ചെയ്തു. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പേരിൽ നോട്ടീസ് പ്രചരിച്ചുവെന്നാണ് സംശയിച്ചിരുന്നത്. സാധാരണ നിലയിൽ തെരഞ്ഞെടുപ്പു കാലത്ത് ചില നോട്ടീസുകൾ പ്രവാസി സംഘടനകൾ പുറത്തിറക്കാറുണ്ട്. എന്നാൽ ഇത്തരമൊരു നോട്ടീസ് തയാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സംഘടനാ നേതാക്കൾ നൽകുന്ന വിശദീകരണം.
ഈ നോട്ടീസിനു പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചന സംശയിക്കുന്നുവെന്ന് കെ.എം.ഷാജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. നേരത്തെ നടപടികൾക്കു വിധേയനായ ഒരു ഇടതു സംഘടനാ പ്രവർത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് ഇതിനുള്ള സഹായം നൽകിയതെന്നും ആരോപണമുയർന്നിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ തെരഞ്ഞെടുപ്പാണ് അഴീക്കോട് മണ്ഡലത്തിൽ നടന്നത്. ഇവിടെ നടന്ന ഓരോ പ്രചാരണവും ദേശീയ-സംസ്ഥാന ശ്രദ്ധ നേടുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിയും വരെ ഇത്തരമൊരു ലഘുലേഖയുടെ കാര്യം എവിടെയും ചർച്ചയായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവും മുൻ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മനോരമയുടെ വീട്ടിൽനിന്ന് പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏതാനും നോട്ടീസുകൾ പിടികൂടിയിരുന്നു. അന്നു പോലും ഇത്തരമൊരു ലഘുലേഖ അതിൽ ഉണ്ടെന്നു പറഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.നികേഷ് കുമാറിനെതിരായ ചില പോസ്റ്ററുകളാണ് അതിലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം മാസങ്ങൾ കഴിഞ്ഞ്, വിവരാവകാശ നിയമ പ്രകാരം ഒരാൾ ആവശ്യപ്പെട്ടതനുസരിച്ച് ലഭിച്ച രേഖയിലാണ് ഈ നോട്ടീസ് പുറത്തു വന്നത്. വിവരാവകാശ പ്രകാരം ലഭിച്ചതാണെന്ന് ഈ ലഘുലേഖയിൽ കൃത്യമായി പറയുന്നുമുണ്ട്. ഇതാണ് കോടതിയിൽ ഹാജരാക്കിയതും ഷാജിക്കെതിരായ വിധിക്കു കാരണമായതും. ഇത്തരമൊരു ലഘുലേഖ എങ്ങനെ മറ്റു നോട്ടീസുകളോടൊപ്പം വന്നുവെന്നാണ് ലീഗ് നേതാക്കൾ ഉയർത്തുന്ന സംശയം. റെയ്ഡിനു ശേഷം ഇത്തരമൊരു ലഘുലേഖ ഉൾപ്പെടുത്തിയതാണെന്ന സംശയവും ബലപ്പെടുകയാണ്. അഴീക്കോട് മണ്ഡലത്തിൽ ഒരു വോട്ടറുടെ കൈയിൽ നിന്നു പോലും ഇത്തരമൊരു ലഘുലേഖ കണ്ടെടുത്തിട്ടില്ല. മാത്രമല്ല, ലഘുലേഖയിലെ ചില വാചകങ്ങൾ സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ഇത് ഒരു മുസ്‌ലിം തയാറാക്കിയതല്ലെന്ന സംശയവും ബലപ്പെടുന്നു.
സ്ഥാനാർഥിയോ, ബന്ധപ്പെട്ടവരോ ഇത്തരമൊരു ലഘുലേഖ പ്രചരിപ്പിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയിൽ തെളിയിക്കാനായാൽ മാത്രമേ, കെ.എം.ഷാജിക്കു ഈ കേസിൽനിന്ന് മോചിതനാവാൻ സാധിക്കൂ. അതല്ലെങ്കിൽ നിയമസഭാംഗത്വം റദ്ദു ചെയ്യപ്പെടുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരികയും ചെയ്യും. അതുകൊണ്ടു തന്നെ ഈ ലഘുലേഖയ്ക്കു പിന്നിൽ ആരെന്ന് കണ്ടെത്തേണ്ടത് നിർണായകമാണ്. പൊതു തെരഞ്ഞെടുപ്പിലെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി കർശന നിലപാടുകൾ സ്വീകരിക്കുന്ന വേളയിൽ മത വിദ്വേഷം പരത്തുന്ന ലഘുലേഖ വിഷയം ഗൗരവമായി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.






