പത്തനംതിട്ട- ചിത്തിര ആട്ടതിരുനാളിന് ശബരിമലയിൽ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പത്തനംതിട്ട അടൂർ സ്വദേശി കൃഷ്ണപ്രസാദ്, കരുനാഗപ്പള്ളി സ്വദേശി മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ ഇലന്തൂർ സ്വദേശി സൂരജിനെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ശബരിമലയിലെ ചിത്തിര ആട്ടതിരുനാൾ ദിവസം തൃശൂരിൽ നിന്നെത്തിയ ലളിതയെ തടഞ്ഞിരുന്നു. പ്രായത്തിൽ സംശയിച്ചാണ് ഇവരെ തടഞ്ഞത്. എന്നാൽ ഇവർക്ക് 52 വയസ്സ് ഉണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പിന്നീട് ദർശനം നടത്തിയാണ് മടങ്ങിയത്.
അതിനിടെ, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ വെച്ചുണ്ടായ സംഘർഷത്തിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് ഇയാളുടെ മാതാവിനെ മർദിച്ചതായി പരാതി. ശബരിമല കർമ സമിതി പ്രവർത്തകനായ പാലോട് ചല്ലിമുക്ക് സന്തോഷ് നിവാസിൽ സജീവ് (36) നെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് അമ്മ ഓമനയമ്മയേയും ഭാര്യ അനുജയേയും ആക്രമിക്കുകയും ഇവരേയും മൂന്ന് കുട്ടികളേയും പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
നിലയ്ക്കൽ അക്രമക്കേസിലെ പ്രതിപ്പട്ടികയിൽ 125 ാമതായി ചേർത്തിട്ടുള്ള സജീവിനെ അറസ്റ്റു ചെയ്യാൻ പത്തനംതിട്ട പോലീസ് അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് പോലീസ് എത്തിയത്. യൂണിഫോമിലല്ലായിരുന്നു പോലീസ് എത്തിയത്. മർദനത്തിൽ മാതാവിന്റെ കൈക്ക് പൊട്ടലുണ്ട്. ഭാര്യ അനുജയെ പോലീസ് ബൂട്ടുകെണ്ട് ചവിട്ടി മുറിവേൽപ്പിച്ചതായും ഇവർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ പാലോടുള്ള പ്രതിയുടെ വീട്ടിലെത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ട പോലീസിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.