വാഷിങ്ടണ്‍- 2017ല്‍ ആഗോള സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനവും ജി.എസ്.ടിയുമാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്കായ ഏഴു ശതമാനം രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയാതല്ലെന്നും അദ്ദേഹം പറഞ്ഞു. 2012 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷങ്ങളില്‍ ഇന്ത്യ അതിവേഗം വളരുകയായിരുന്നു. അപ്പോഴാണ് ഈ രണ്ടു തിരിച്ചടികള്‍ (നോട്ടു നിരോധനം, ജി.എസ്.ടി) തടസമായത്. ഇത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി സ്വാധീനിച്ചു. ആഗോള തലത്തില്‍ സാമ്പത്തിക വര്‍ച്ചാ നിരക്കില്‍ വളര്‍ച്ചയാണുണ്ടായത്. അപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്കു പോയി- രാജന്‍ പറഞ്ഞു. കാലിഫോര്‍ണിയ യുണിവേഴ്‌സിറ്റിയില്‍ വെള്ളിയാഴ്ച നടന്ന ഇന്ത്യയുടെ ഭാവി എന്ന പരിപാടിയില്‍ വാര്‍ഷിക ഭട്ടാചാര്യ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏഴു ശമതാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് തുടര്‍ന്നാല്‍ അത് അടുത്ത 25 വര്‍ഷത്തേക്ക് കരുത്തോടെ മുന്നേറാന്‍ സഹായിക്കും. എന്നാല്‍ തൊഴില്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏഴു ശതമാനം എന്നത് മതിയായ നിരക്കല്ല. ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ വേണം. അതു കൊണ്ട് തന്നെ വളര്‍ച്ചാ നിരക്ക് ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ഇതു കൊണ്ട് തൃപ്തിപ്പെടാനാവില്ല- രാജന്‍ പറഞ്ഞു. വളര്‍ച്ച ഏഴു ശതമാനത്തില്‍ താഴെ പോയാല്‍ അത് എന്തെങ്കിലും പിഴവ് കൊണ്ടായിരിക്കും. അടുത്ത 10-15 വര്‍ഷത്തേക്ക് വളരാനുള്ള ഒരു അടിത്തറ മാത്രമാണിത്. പുതുതായി തൊഴില്‍ വിപണിയിലേക്കെത്തുന്നവരെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പ്രതിമാസം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ കൂടുതല്‍ തുറന്ന സമ്പദ് വ്യവസ്ഥയായി മാറിയിട്ടുണ്ടെന്നും ആഗോള വളര്‍ച്ചയ്ക്ക് അനുസരിച്ചാണ് വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളര്‍ച്ചാ നിരക്കില്‍ പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ധന വില ഒരു പ്രശ്‌നമാകും.