ന്യൂദല്‍ഹി- ഇന്ത്യയിലെ ഹിന്ദു ദേശീയ വാദികള്‍ പ്രതിഭാശാലികളായ കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ ശ്രമിക്കുന്ന വാർത്ത അമേരിക്കന്‍ മാധ്യമത്തിനു കൌതുകമായി. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രമാണ് ഇന്ത്യന്‍ പത്രങ്ങളെ ഉദ്ധരിച്ച് ഈ അപൂർവ സംഭവം വാർത്തയാക്കിയത്.
ആരോഗ്യവും സൌന്ദര്യവുമുള്ള ധിഷണാശാലികളായ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടാണ് ഹിന്ദുത്വവാദി സംഘടന രംഗത്തുള്ളത്. ആരോഗ്യ ഭാരതി സംഘടനാ പ്രവർത്തകരാണ് രാജ്യത്തെ ദമ്പതികളെ ഇതിനായി ഒരുക്കുന്നത്. നല്ല ഉയരവും നിറവും മറ്റു കുട്ടികളേക്കാള്‍ സമർഥരുമായ കുഞ്ഞുങ്ങളെ ജനിപ്പിക്കാനും ആയുർവേദവും ഏതാനും ചിട്ടവട്ടങ്ങളും മതിയെന്നാണ് സംഘടനയുടെ അവകാശവാദം.
ഭക്ഷണം, ആയുർവേദ മരുന്നുകള്‍, ചില പരിശീലനങ്ങള്‍ എന്നിവയിലൂടെ ഇതിനകം ഇത്തരത്തിലുള്ള 450 കുഞ്ഞുങ്ങളെ ജനിപ്പിച്ചു കഴിഞ്ഞു. 2020 ആകുമ്പോഴേക്കും ഇത്തരം ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ജനിപ്പിക്കുകയാണ് ലക്ഷ്യം. ബുദ്ധി ശക്തി കുറഞ്ഞവരും വിദ്യാഭ്യാസം കുറഞ്ഞവരുമാകാം മാതാപിതാക്കള്‍. യഥാവിധിയുള്ള മുറകള്‍ പിന്തുടർന്നാല്‍ അവർക്കും ജനിക്കും അതീവ ബുദ്ധിശാലികളായ കുട്ടികളെന്ന് സംഘടനയുടെ ദശീയ കണ്‍വീനർ ഹിതേഷ് ജാനി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു. ഗർഭധാരണത്തിനു മുമ്പ് ശരീരത്തിന്‍റെയും ശുദ്ധീകരണം മുതല്‍ ധാരാളം മന്ത്രോച്ചാരണങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പ്രക്രിയ.
ആർ.എസ്.എസിന്‍റെ ആരോഗ്യ സംഘടനയാണ് ആരോഗ്യഭാരതിയെന്ന് പത്രം റിപ്പോർട്ട് ചെയ്തെങ്കിലും ആർ.എസ്.എസില്‍നിന്ന് ആശയ പ്രചോദനമുള്‍ക്കൊള്ളുന്നുവെന്നല്ലാതെ സംഘടനയുമായി ബന്ധമില്ലെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി രമേഷ് ഗൌതം പറയുന്നു. സമൂഹത്തിന്‍റെ ആരോഗ്യത്തില്‍ താല്‍പര്യമുള്ളവരുടെ സന്നദ്ധ സംഘടനയെന്നാണ് ആരോഗ്യഭാരതിയുടെ വെബ്സൈറ്റില്‍ പറയുന്നത്.