Sorry, you need to enable JavaScript to visit this website.

ആഗ്രയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി

ലഖ്‌നൗ- അലഹബാദിനെ പ്രയാഗ്‌രാജും ഫൈസാബാദിനെ അയോധ്യയായും പുനർനാമകരണം ചെയ്ത ശേഷം യു.പിയിൽ കൂടുതൽ നഗരങ്ങളുടെ പേര് മാറ്റാൻ ബി.ജെ.പി നീക്കം. ആഗ്രയെ ആഗ്രവാൻ, ആഗ്രവാൾ എന്നിങ്ങനെയാക്കാനാണ് ബി.ജെ.പി നീക്കം. ആഗ്ര എന്ന പേരിന് അർത്ഥമില്ലെന്നും ഇതിന് ഒരു പ്രധാന്യവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിനൊരുങ്ങുന്നത്. നേരത്തെ ഇവിടെ വൻകാടുകളുണ്ടായിരുന്നു. ആഗ്രവാൾ സമുദായത്തിൽനിന്നുള്ളവർ ഇവിടെ ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ ആഗ്രവാൾ, എന്നോ ആഗ്രവാൻ എന്നോ ആഗ്രയുടെ പേര് മാറ്റണമെന്നും ബി.ജെ.പി എം.എൽ.എ ജഗൻ പ്രസാദ് ഗാർഗ് പറഞ്ഞു. ഉത്തര ആഗ്ര മണ്ഡലത്തെയാണ് ജഗൻ പ്രസാദ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മുസഫർ നഗറിനെ ലക്ഷ്മി നഗർ എന്നാക്കണമെന്ന് വിവാദ എം.എൽ.എ സംഗീത് സോമൻ ആവശ്യമുന്നയിച്ചു. ഈ ആവശ്യവുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ഭരണാധികാരികൾ നശിപ്പിച്ച ഇന്ത്യയുടെ സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പഴയ നഗരങ്ങളെ അവയുടെ യഥാർത്ഥ പേരിലേക്ക് കൊണ്ടുവരികയാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളുടെ പേര് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയവും വെറുപ്പും വിഭാഗീയതയുമാണ് ഇത്തരം നീക്കത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യപ്രവർത്തകൻ ദീപക് കബിർ അഭിപ്രായപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവും പേരുമാറ്റൽ നീക്കത്തിനെതിരെ രംഗത്തെത്തി. ഭരണ പരാജയം മറച്ചുവെക്കാനാണ് ഇത്തരം വിലകുറഞ്ഞ കളികൾ ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ പട്ടണത്തിന്റെയും പേരിന് പിന്നിൽ ഒരു ചരിത്രമുണ്ടാകും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാതെ പേരുമാറ്റം പോലുള്ള കാര്യങ്ങളിലാണ് ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അധികാരത്തിലേറുമ്പോൾ വാഗ്ദാനം ചെയ്ത ഒരു കാര്യവും ബി.ജെ.പിക്ക് നടപ്പാക്കാനായിട്ടില്ല. കള്ളപ്പണം തിരികെയെത്തിക്കും, യുവാക്കൾക്ക് ജോലി നൽകും, കർഷകരുടെ വരുമാനം കൂട്ടും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല. ഇതിൽനിന്നെല്ലാം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ശരദ് യാദവ് ആരോപിച്ചു.
 

Latest News