Sorry, you need to enable JavaScript to visit this website.

ദമാമിൽ ബിനാമി ബിസിനസ് നടത്തിയ സൗദിക്കും വിദേശിക്കും അഞ്ച് ലക്ഷം റിയാല്‍ പിഴ

ദമാം - ബിനാമി ബിസിനസ് നടത്തിയ കേസിൽ സൗദി പൗരനെയും സിറിയക്കാരനെയും ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചു. 
കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഫർണിച്ചർ, ടെക്‌സ്റ്റൈൽസ് ഇറക്കുമതി, കയറ്റുമതി മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ സിറിയക്കാരൻ സിയാദ് അലി ബിൻ അലി, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ അഹ്മദ് ബിൻ യൂസുഫ് ബിൻ അഹ്മദ് അൽദോസരി എന്നിവർക്കാണ് ശിക്ഷ. ഇവർക്ക് കോടതി അഞ്ചു ലക്ഷം റിയാൽ പിഴ ചുമത്തി. 
സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ നാടുകടത്തുന്നതിനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. സൗദി പൗരനും സിറിയക്കാരനും നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. 
ഇവരുടെ സ്ഥാപനം ബിനാമിയായി സിറിയക്കാരൻ നടത്തുന്നതാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ സ്ഥാപനം ബിനാമിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചു. ഒരു വർഷത്തിനിടെ പത്തു ലക്ഷത്തിലേറെ റിയാലിന്റെ ബാങ്ക് ഇടപാടുകൾ സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി നടന്നതായും ഇതെല്ലാം നടത്തിയത് സിറിയക്കാരനാണെന്നും വ്യക്തമായി. ഒരു വർഷത്തിനിടെ ഒമ്പതു ലക്ഷം റിയാലിന്റെ ഉൽപന്നങ്ങൾ സ്ഥാപനത്തിലേക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിരുന്നു. അഞ്ചു ലക്ഷം റിയാൽ ഈ അക്കൗണ്ട് വഴി വിദേശങ്ങളിലേക്ക് അയച്ചതായും കണ്ടെത്തി. മന്ത്രാലയ ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്യുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. 
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കുന്നവർക്ക് മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനമാണ് പാരിതോഷികം. 
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകിയതിന് നിരവധി പേർക്ക് സമീപകാലത്ത് വാണിജ്യ, നിക്ഷേപ മന്ത്രാലയം പാരിതോഷികങ്ങൾ കൈമാറിയിട്ടുണ്ട്. 

 

Latest News