Sorry, you need to enable JavaScript to visit this website.

ആപ്പ് ടാക്‌സി സർവീസ് പത്തു കോടി കവിഞ്ഞു

സൗദികൾ വരുമാനം നേടിയത് 200 കോടി റിയാൽ

റിയാദ് - സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നവ ടാക്‌സി കമ്പനികൾ ഒരു വർഷത്തിനിടെ സൗദിയിൽ നടത്തിയ ടാക്‌സി സർവീസുകളുടെ എണ്ണം പത്തു കോടി കവിഞ്ഞു. ടാക്‌സി മേഖലയിലെ ജോലിയിലൂടെ സൗദികൾ ഒരു വർഷത്തിനിടെ 200 കോടിയിലേറെ റിയാൽ നേടി. ഇതോടനുബന്ധിച്ച് പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്ത് പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. പൊതുഗതാഗത അതോറിറ്റിയെയും നവ ടാക്‌സി കമ്പനികളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ 'വസൽ' കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷൻ ചെയ്തത്. ഒരു വർഷത്തിനിടെ ഒരു കോടിയിലേറെ ടാക്‌സി സർവീസുകൾ കമ്പനികൾ നടത്തി. 
4,85,000 ലേറെ സൗദി യുവാക്കൾ നവ ടാക്‌സി കമ്പനികൾക്കു കീഴിൽ സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങളും പൊതുഗതാഗത അതോറിറ്റിയും ഫലപ്രദമായി സഹകരിച്ചാണ് സൗദിയിൽ ആപ്പ് ടാക്‌സി സർവീസ് കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നതിക്കുന്നത്. ഈ സേവനത്തിന്റെ കാര്യക്ഷത ഉയർത്തുന്നതിന് സൗദി യുവാക്കളുടെ മികച്ച യോഗ്യതകളും നവ ടാക്‌സി സേവനത്തിലുള്ള സൗദി സമൂഹത്തിന്റെ ശക്തമായ വിശ്വാസവും സഹായകമായി. നവ ടാക്‌സി കമ്പനികൾക്കു കീഴിൽ ജോലി ചെയ്യുന്ന സൗദി യുവാക്കളുടെ മികവിന് ഉപയോക്താക്കൾ സാക്ഷ്യം വഹിക്കുന്നു. ഫുൾടൈം, പാർട്‌ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യാമെന്നത് ഈ മേഖലയിലെ ജോലി സ്വീകരിക്കുന്നതിന് സൗദി യുവാക്കൾക്ക് വലിയ പ്രചോദനമായി. ഇത് ആകർഷകമായ വരുമാനമുള്ള തൊഴിലവസരങ്ങൾ വലിയ തോതിൽ ലഭ്യമാക്കിയെന്നും ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. 
ഒരു വർഷത്തിനിടെ നവടാക്‌സി കമ്പനികൾ 20 കോടിയിലേറെ പേർക്ക് യാത്രാ സൗകര്യം നൽകിയതായി പൊതുഗതാഗത അതോറിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ ഫവാസ് അൽസഹ്‌ലി പറഞ്ഞു. സൗദിയിലെ 60 നഗരങ്ങളിൽ നവ ടാക്‌സി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ യാത്രക്കാരുടെയും നവ ടാക്‌സി കമ്പനികളിൽ ജോലി ചെയ്യുന്ന സൗദി യുവാക്കളുടെയും എണ്ണം വർധിപ്പിക്കുന്നതിനാണ് ശ്രമം. അടുത്ത കൊല്ലത്തോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി നഗരങ്ങളിൽ നവ ടാക്‌സി കമ്പനി സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇത് യാഥാർഥ്യമാക്കുന്നതിന് ടാക്‌സി കമ്പനികൾക്കും ഡ്രൈവർമാർക്കും പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവ ടാക്‌സി കമ്പനികൾക്കു കീഴിൽ പ്രവർത്തിക്കുന്ന മികച്ച ഡ്രൈവർമാരെ ചടങ്ങിൽ ആദരിച്ചു. ജോലിയിൽ തനിക്ക് അഭിമാനമുണ്ടെന്ന് നവ ടാക്‌സി കമ്പനികൾക്കു കീഴിൽ ഒരു വർഷത്തിനിടെ നടത്തിയ സർവീസുകളുടെ എണ്ണം പത്ത് കോടി തികച്ച സൗദി യുവാവ് യൂസുഫ് അൽഹർബി പറഞ്ഞു. റിയാദിൽ നൂറു കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്നതിന് തനിക്ക് സാധിച്ചു. പത്ത് കോടി തികയുന്ന സർവീസ് ഓടിക്കുന്നതിന് ഭാഗ്യം ലഭിച്ചത് അഭിമാനമായി കാണുന്നുവെന്നും യൂസുഫ് അൽഹർബി പറഞ്ഞു.
നൂറുകണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്നതിന് സാധിച്ചതിന്റെ അനുഭവത്തിൽ ഓരോ ദിവസവും താൻ അഭിമാനിക്കുന്നുണ്ടെന്ന് റായിദ് അൽമുതൈരി പറഞ്ഞു. 
സേവന നിലവാരം വിലയിരുത്തി യാത്രക്കാർ നടത്തിയ മൂല്യനിർണയത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചത് കൂടുതൽ മികച്ച നിലയിൽ സേവനം നൽകുന്നത് തുടരുന്നതിന് തനിക്ക് പ്രചോദനമാണെന്നും യുവാവ് പറഞ്ഞു. വഴക്കമുള്ള തൊഴിലാണ് നവ ടാക്‌സി മേഖലയിലേക്ക് തന്നെ ആകർഷിച്ചതെന്ന് ജിസാനിൽ ടാക്‌സി സേവന മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുറഹ്മാൻ അൽകാമിലി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ട യാത്രക്കാരിൽ നിന്ന് സ്വീകാര്യത വർധിച്ചതിനാൽ മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്നും അബ്ദുറഹ്മാൻ അൽകാമിലി പറഞ്ഞു. 


 

Latest News