Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാച്ച്, കണ്ണട കടകളിൽ സൗദിവൽക്കരണം പ്രാബല്യത്തിൽ

റിയാദ് - വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ സൗദിവൽക്കരണം പ്രാബല്യത്തിൽ വന്നു. എഴുപതു ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. സ്വദേശികൾക്കിടയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം ജനുവരി 29 ന് ആണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 
സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. സെപ്റ്റംബർ 11 ന് നിലവിൽ വന്ന ആദ്യ ഘട്ടത്തിൽ കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സൗദിവൽക്കരണം നിർബന്ധമാക്കി. മൂന്നാം ഘട്ടം 2019 ജനുവരി ഏഴു മുതൽ നടപ്പാക്കും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളാണ് മൂന്നാം ഘട്ടത്തിൽ സൗദിവൽക്കരണത്തിന്റെ പരിധിയിൽ വരിക. 
രണ്ടാം ഘട്ട സൗദിവൽക്കരണത്തിന്റെ ഫലമായി ചുരുങ്ങിയത് പതിനയ്യായിരം സൗദികൾക്കെങ്കിലും സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിക്കുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. ഈ മേഖലകളിൽ സൗദികൾക്ക് ശരാശരി 4000 റിയാൽ വേതനം ലഭിക്കും. സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കാൻ കൂടിയുള്ള സുവർണാവസരമാണ് സൗദിവൽക്കരണം ഉദ്യോഗാർഥികൾക്കു മുന്നിൽ തുറന്നിടുന്നത്. സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രതിമാസം ശരാശരി 20,000 റിയാൽ മുതൽ 25,000 റിയാൽ വരെ വരുമാനം നേടാൻ സാധിക്കുമെന്നും ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. 
സൗദിവൽക്കരണം നിർബന്ധമാക്കിയതോടെ റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നല്ലൊരു ശതമാനം സ്ഥാപനങ്ങളും സൗദിവൽക്കരണം പാലിച്ചിട്ടുണ്ട്. എന്നാൽ സൗദികളെ ജോലിക്കു വെക്കാത്ത സ്ഥാപനങ്ങളുമുണ്ട്. സൗദിവൽക്കരണം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച തൊഴിലുടമകളുടെ അവബോധവും സ്വദേശിവൽക്കരണവും വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സൗദി യുവതീയുവാക്കൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്. 

വർഷങ്ങളായി തൊഴിൽ കാത്തിരുന്ന നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജോലി ലഭിച്ചിട്ടുണ്ട്. റെയ്ഡ് ഭയന്ന് നിരവധി സ്ഥാപനങ്ങൾ ഇന്നലെ തുറന്നിട്ടില്ല. 
സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന പതിവ് പരാതി തൊഴിലുടമകൾ ഉന്നയിക്കുന്നുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് വിഹിതം അടച്ചു കഴിഞ്ഞ് വേതനമായി നാലായിരം റിയാൽ കൈയിൽ ലഭിക്കണമെന്നതും രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു ഷിഫ്റ്റിൽ മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നതും അടക്കം കടുത്ത വ്യവസ്ഥകളാണ് ഉദ്യോഗാർഥികൾ മുന്നോട്ടു വെക്കുന്നതെന്ന് തൊഴിലുടമകൾ പരാതിപ്പെടുന്നു. 
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്. ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്. 2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്താനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ആശ്രിത ലെവിയും സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും മറ്റു ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും കാരണം ചില്ലറ വ്യാപാര മേഖലയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതമായേക്കുമെന്ന് വ്യവസായികൾ പറയുന്നു. 

Latest News