ബന്ധുനിയമന വിവാദം; മന്ത്രി ജലീലിനെ കൈവിടാതെ സി.പി.എം

തിരുവനന്തപുരം- ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മന്ത്രിയെ കൈവിടാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.
ആരോപണങ്ങള്‍ തള്ളിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ്് വിഷയം ചര്‍ച്ച ചെയ്തു. ജലീലിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണ്ടെത്തല്‍. മന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടതിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നിര്‍ദേശങ്ങള്‍ വരുന്നെങ്കില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് പാര്‍ട്ടി അപ്പോള്‍ തീരുമാനമെടുക്കാമെന്നുമാണ് സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപാകതകളൊന്നുമില്ല. യൂത്ത് ലിഗ് ഉന്നയിച്ച ആരോപണത്തിന് ജലീല്‍ തന്നെ പല തവണ പത്രസമ്മേളനം നടത്തി വിശദീകരണം നല്‍കിയതിനാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രത്യേക പത്രകുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തില്‍ ധാരണയായി.
നേരത്തെ നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മന്ത്രി ജലീല്‍ കോടിയേരി ബാലകൃഷ്ണനോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ വിഷയം  ചര്‍ച്ച ചെയ്തത്. യോഗ്യതയുള്ളവരെ ഒഴിവാക്കിയാണ് പിതൃസഹോദര പുത്രനായ കെ.ടി അദീബിനെ ന്യൂനപക്ഷധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചതെന്നായിരുന്നു മന്ത്രി ജലീലിനെതിരെ യൂത്ത്‌ലീഗ് ഉന്നയിച്ച ആരോപണം. ലീഗും യു.ഡി.എഫും ഈ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും മുന്നോട്ട് കൊണ്ടു പോകുന്നത് ജലീലിന് പ്രതിസന്ധിയുണ്ടാക്കിയേക്കും.

 

Latest News