അര്‍ബന്‍ നക്‌സലുകളെ കോണ്‍ഗ്രസ് തുണക്കുന്നു -മോഡി

ജഗ്ദല്‍പുര്‍ (ഛത്തീസ്ഗഢ്)- ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന അര്‍ബന്‍ മാവോവാദികളെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജഗ്ദല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മോഡി പറഞ്ഞു. നഗരങ്ങളില്‍ ശീതീകരിച്ച വീടുകളില്‍ കഴിയുന്ന അര്‍ബന്‍ മാവോവാദികള്‍ നക്‌സല്‍ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതായി മോഡി ആരോപിച്ചു.
സര്‍ക്കാര്‍ അര്‍ബന്‍ മാവോവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്നു. പിന്നീട് അവര്‍ എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്ന് മോഡി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വപ്‌നം കണ്ട ഛത്തീസ്ഗഢ് യാഥാര്‍ഥ്യമാക്കുന്നതു വരെ വിശ്രമമില്ലെന്നും മോഡി പറഞ്ഞു.

 

Latest News