കോട്ടയം - മനോരമ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അഭിപ്രായം പങ്കുവെക്കുന്നുവെന്ന വ്യാജേന ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തലപ്പലം രാജ് നിവാസില്‍ ആര്‍.വിനോദിനെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് 183 -ാം വകുപ്പു പ്രകാരമാണ് വിനോദിനെതിരെ കേസെടുത്തത്
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനു ശബരിമല യുവതീ പ്രവേശം സംബന്ധിച്ചു ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണു വിനോദ് ദുരുപയോഗം ചെയ്തത്. യൂ ട്യൂബില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഒക്ടോബര്‍ എട്ടിനു തെറ്റായ അടിക്കുറിപ്പോടെ ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ശബരി മല വിഷയത്തില്‍ ഇത്രയും മകിച്ച പ്രതികരണം ഞാന്‍ കേട്ടിട്ടില്ല, കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഈ വാക്കുകള്‍ കേട്ടുനോക്കൂ. അറിയാതെ കയ്യടിച്ചു പോകും എന്നായിരുന്നു വിഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.
ഫെയ്സ്ബുക്കില്‍ എട്ടു ലക്ഷത്തോളം പേര്‍ കണ്ട ഈ വിഡിയോ 30,000 പേരാണ് ഷെയര്‍ ചെയ്തത്.
മനോരമ ന്യൂസ് അധികൃതര്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.