തെലങ്കാനയില്‍ വോട്ടര്‍മാരെ പാട്ടിലാക്കാനെത്തിച്ച 7.51 കോടി രൂപയുടെ കുഴല്‍പണം പിടികൂടി

ഹൈദരാബാദ്- അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 7.51 കോടി രൂപയുടെ ഹവാല പണം വിവിധയിടങ്ങളില്‍ നിന്നായി പോലീസ് പിടികൂടി. ഹൈദരാബാദില്‍ വിവിധയിടങ്ങളില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും തെരഞ്ഞെടുപ്പു നിരീക്ഷണ സംഘവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് വന്‍ കള്ളപ്പണ വേട്ട. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. നാലു ഹവാല ഇടാപടുകാരെ അറസ്റ്റ് ചെയ്തതായും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ അറിയിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളും പണ എത്തിച്ച സ്രോതസ്സും സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് അറിയിച്ചു. 

അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ബഹ്ബുത് സിങ് രാജ് പുരോഹിതിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു റിവോള്‍വറും പോലീസ് കണ്ടെടുത്തു. ഇത് സഹോദരന്റേതാണെന്ന് പ്രതി പറഞ്ഞു. പണക്കെട്ടിനൊപ്പമാണ് തോക്കും സൂക്ഷിച്ചിരുന്നത്. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തിച്ച പണമാണിതെന്ന് സംശയിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗിക്കാന്‍ ഹവാല മാര്‍ഗത്തിലൂടെയാണ് പണം എത്തിച്ചതെന്നും പോലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നവംബര്‍ അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം 56.48 കോടി രൂപ ഇതുവരെ പോലീസും ആദായ നികുതി വകുപ്പും പിടികൂടിയിട്ടുണ്ട്.
 

Latest News