ഭോപാൽ- മധ്യപ്രദേശ് നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിനാറു പേരുടെ കൂടി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സർതാജ് സിംഗ് കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്നലെയാണ്(വ്യാഴാഴ്ച) സർതാജ് സിംഗ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഹൊഷൻഗാബാദിൽനിന്നായിരിക്കും സർതാജ് സിംഗ് മത്സരിക്കുക. ബി.ജെ.പി സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പാർട്ടി വിട്ടത്. സിയോണി മാൽവയിൽനിന്നുള്ള നിയമസഭാംഗമാണ് നിലവിൽ 71-കാരനായ സർതാജ് സിംഗ്. നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ച കോൺഗ്രസിന്റെ ഏറ്റവും പുതിയ പട്ടികയിൽ വിനയ് സക്‌സേനയും ഇടംനേടിയിട്ടുണ്ട്. ജബൽപുർ നോർത്തിൽനിന്നായിരിക്കും ഇദ്ദേഹം മത്സരിക്കുക. 230 അംഗ സംസ്ഥാന നിയസഭയിലേക്ക്് മത്സരിക്കുന്ന 225 പേരുടെ പട്ടികയാണ് കോൺഗ്രസ് ഇതേവരെ പ്രസിദ്ധീകരിച്ചത്. ഈ മാസം 28നാണ് മധ്യപ്രദേശിൽ തെരഞഞെടുപ്പ് നടക്കുന്നത്. ബുധ്‌നി, മാൻപുർ, ഇൻഡോർ 2, ഇൻഡോർ 5, ജതാര മണ്ഡലത്തിലേക്കാണ് ഇനി്ഥാനാർഥികളെ കണ്ടെത്താനുളളത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മത്സരിക്കുന്ന ബുധ്‌നിയിലേക്ക് കരുത്തനായ സ്ഥാനാർഥിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് കോൺഗ്രസ്.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുന്ന മൂന്നാമത്തെ നേതാവാണ് സർതാജ് സിംഗ്. സഞ്ജയ് ശർമ, പത്മ ശുക്ല എന്നിവർ കഴിഞ്ഞദിവസം ബി.ജെ.പിയിൽനിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.






