Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീല്‍ രാജി സമ്മര്‍ദത്തില്‍; സി.പി.എം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകം

തിരുവനന്തപുരം- സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുനിയമിക്കപ്പെട്ടതുടമായി ബന്ധപ്പെട്ട് വിവാദ കുരുക്കിലായ ന്യൂനപക്ഷ വകുപ്പു മന്ത്രി കെ.ടി ജലീലുമേല്‍ രാജി സമ്മര്‍ദം ശക്തമായി. വിവാദത്തെ തുടര്‍ന്ന് സര്‍ക്കാരോ സി.പി.എമ്മോ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ജലീല്‍ പറഞ്ഞിരുന്നു. അതേസമയം വെള്ളിയാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാകും. കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തി മന്ത്രി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ മന്ത്രി ജയരാജന്‍ കുരുക്കിലായ ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി വെട്ടിലായത് ചൂണ്ടിക്കാട്ടി ജലീലിനെതിരേയും നടപടി വേണമെന്ന് ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. 

ജലീലിന്റെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഇതുവരെ നല്‍കിയ വിശദീകരണങ്ങളൊന്നും വ്യക്തമല്ല. പാളിച്ചകള്‍ ഉണ്ടായതായി ജലീലിന്റെ മറുപടികളില്‍ നിന്നു തന്നെ വ്യക്തമാണ്. മാത്രവുമല്ല, ലഭിച്ച അപേക്ഷകര്‍ക്കൊന്നും യോഗ്യതയുണ്ടായിരുന്നില്ലെന്ന ജലീലിന്റെ വാദവും കഴിഞ്ഞി ദിവസം പൊളിഞ്ഞിരുന്നു. ആറ് അപേക്ഷരുടെ യോഗ്യതയും പ്രവര്‍ത്തി പരിചയവും സംബന്ധിച്ച രേഖകള്‍ കഴിഞ്ഞി ദിവസം യൂത്ത് ലീഗ് പുറത്തു കൊണ്ടു വന്നിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.പി അബ്ദുല്‍ വഹാബ് കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയിലും സര്‍ക്കാരിന്റെ ഇടപെടലുണ്ടായതായി പറഞ്ഞിരുന്നു.

ജലീലിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ പശ്ചാത്തലത്തില്‍ കോടതിയില്‍ നിന്ന് ജലീലിനെതിരെ പരാമര്‍ശം ഉണ്ടായാല്‍ മാത്രം കടുത്ത നടപടി മതിയെന്നും സി.പി.എമ്മില്‍ അഭിപ്രായമുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ജലീലിന്റെ ഓഫീസ് കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.
 

Latest News