Sorry, you need to enable JavaScript to visit this website.

നെഹ്‌റു ട്രോഫി വള്ളംകളി നാളെ; അല്ലു അർജുനും കേരള ബ്ലാസ്‌റ്റേഴ്‌സും ആവേശം പകരും

ആലപ്പുഴ - പ്രളയത്തെത്തുടർന്ന് മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായയിൽ നടക്കും. നെഹ്‌റുട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളം കളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
81 ജലരാജാക്കന്മാർ ആണ് ഇക്കുറി നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ അഞ്ച് വള്ളങ്ങളും ഉൾപ്പടെ 25 ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. വെപ്പ് എ വിഭാഗത്തിൽ 9 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ഏഴ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 17 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 9 വള്ളങ്ങളും 4 ചുരുളൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങൾ ആണ് ഇക്കുറി മത്സര രംഗത്തുള്ളത്. 81 വള്ളങ്ങൾ മത്സരിക്കുന്ന ജലമേളയിൽ ഇക്കുറി വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാൾ 10 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഏകദേശം ഒന്നര കോടിയോളം രൂപ ബോണസും ഗ്രാൻഡായും  നൽകുന്നുണ്ട്.  ഇത്തവണ മുന്നിലെത്തുന്ന 10 വള്ളങ്ങൾക്ക് സമ്മാനത്തുക വർധിപ്പിക്കാനും തീരുമാനമുണ്ട്.
രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും.  തുടർന്ന് ഉച്ചയ്ക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങളും അരങ്ങേറും.
ഇത്തവണ വള്ളംകളിക്ക് ആവേശം പകരാൻ കേരള ബ്ലാസ്‌റ്റേഴ്‌സും നടൻ അല്ലുഅർജുനും എത്തുന്നുണ്ട്. ജലോത്സവത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ധനമന്ത്രി ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും.  പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പങ്കെടുക്കും.  
ഇക്കുറി ഒട്ടനവധി പുതുമകളുമായാണ് വള്ളംകളി സംഘടിപ്പിച്ചിട്ടുള്ളത്. അതിലേറ്റവും സവിശേഷതയുള്ളതാണ് വിവിധ നിറങ്ങളിലുള്ള യൂണിഫോം ധരിച്ച വോളണ്ടിയർമാരുടെ സേവനം. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് വള്ളംകളി നടക്കുക. ഇത്തവണ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി മഞ്ഞനിറത്തിലുള്ള യൂണിഫോമണിഞ്ഞ വോളണ്ടിയർമാർ ഉണ്ടാകും. കുട്ടികളുടെ കൈകളിൽ രക്ഷകർത്താവിന്റെ  പേരും മൊബൈൽ നമ്പറും ഉൾപ്പെടുന്ന ടാഗുകൾ ധരിപ്പിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. മുതിർന്ന പൗരന്മാർക്ക്  വള്ളംകളി കാണുന്നതിന് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഇരിപ്പിടങ്ങളിൽ അവരെ സേവിക്കുന്നതിനു ചുവപ്പ് യൂണിഫോമണിഞ്ഞ വളണ്ടിയർമാർ ഉണ്ടാവും. സവിശേഷ ശേഷിയുള്ളവർക്ക് വള്ളംകളി കാണുന്നതിനും പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ സംരക്ഷണത്തിനായി നീല യൂണിഫോം ധരിച്ച വോളണ്ടിയർമാരും ഉണ്ടാവും. 

Latest News