Sorry, you need to enable JavaScript to visit this website.

പി.കെ. ശശിക്കെതിരെ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

പാലക്കാട് - പി.കെ. ശശി എം.എൽ.എക്ക് എതിരായ ലൈംഗിക പീഡന പരാതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും പാർട്ടി കേന്ദ്രനേ തൃത്വത്തെ സമീപിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവാണ് എം.എൽ.എയെ രക്ഷിക്കാൻ ഉന്നതനേതാക്കൾ ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്ന് കാണിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും കത്ത് നൽകിയത്. തന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ നേതാക്കൾക്കൊപ്പം ആരോപണവിധേയനായ എം.എൽ.എ പതിവായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും അത് പ്രാധാന്യത്തോടെ മാധ്യമങ്ങളിലും പോസ്റ്ററുകളിലും വരുന്നതും സംശയാസ്പദമാണെന്ന് പരാതിക്കാരി ദേശീയ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ തനിക്കു മേൽ ഉന്നതതല സമ്മർദ്ദം ഉണ്ടെന്നാണ് അവരുടെ മറ്റൊരു ആരോപണം. പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് താനെന്ന് യുവതി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എം.എൽ.എയുടെ മോശമായ സംഭാഷണങ്ങളുടെ ശബ്ദരേഖയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ലൈംഗിക പീഡനാരോപണം ഉയർന്നതിനെത്തുടർന്ന് ഒന്നര മാസക്കാലം പൊതുവേദികളിൽ നിന്ന് വിട്ടു നിന്ന എം.എൽ.എ വീണ്ടും സി.പി.എമ്മിന്റെ പരിപാടികളിൽ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായ പി.കെ. ശശി സംഘടനാ പരിപാടികളിൽ സജീവമാണ്. യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പാർട്ടി അന്വേഷണ സമിതിയിലെ അംഗമായ മന്ത്രി എ.കെ. ബാലനുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ എം.എൽ.എ പല തവണ വേദി പങ്കിട്ടു. വാർത്താ മാധ്യമങ്ങൾ ഇത് ആഘോഷിക്കുന്നതും ശശിയുടെ അനുകൂലികൾ എം.എൽ.എയും മന്ത്രിയും നിൽക്കുന്ന ഫോട്ടോകൾ വ്യാപകമായി പോസ്റ്റർ പ്രചരണത്തിന് ഉപയോഗിക്കുന്നതും തന്നെ മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നതായാണ് യുവതി പറയുന്നത്.
യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയുമാണ് ഉള്ളത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലാണ്. ശശിക്കെതിരേ ഉയർന്ന ആരോപണത്തിനൊപ്പം ജില്ലയിലെ ചില പാർട്ടി നേതാക്കൾക്കെതിരേ ശശി ഉന്നയിച്ച ആരോപണത്തിൻമേലും അന്വേഷണ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു. എം.എൽ.എക്ക് എതിരേ നടപടി വന്നാൽ മറ്റു ചില നേതാക്കൾക്കെതിരേ കൂടി നടപടി ഉണ്ടാകുമെന്നാണ് പാർട്ടിക്കകത്തു നിന്നുള്ള സൂചന. ശശിയുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന എ.കെ.ബാലൻ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നതായി ഒരു ഘട്ടത്തിൽ ആരോപണം ഉയർന്നതാണ്. പരാതി പിൻവലിക്കാൻ തനിക്കു മേൽ സമ്മർദ്ദം ഉണ്ടെന്ന് യുവതി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പല വിധത്തിലുള്ള  സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് യുവതിയുടെ പരാതി. 
സി.പി.എം ജില്ലാ ഘടകത്തിൽ പി.കെ. ശശി എം.എൽ.എ കൂടുതൽ കരുത്തു നേടുന്നതും പരാതിക്കാരിയെ സമ്മർദ്ദത്തിൽ ആഴ്ത്തുന്നു. ഈയിടെ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ യുവതിയുടെ പരാതിക്കൊപ്പം നിലയുറപ്പിച്ച നേതാക്കളെയെല്ലാം വെട്ടിനിരത്തിയത് വിവാദമായി. പരാതിക്കാരി സംഘടനയുടെ ജില്ലാ കമ്മിറ്റിയിൽ തുടരുന്നുണ്ട്. പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും ഇടയിൽ എൽ.ഡി.എഫിന്റെ  ഷൊർണൂർ മണ്ഡലം വികസന ജാഥയുടെ നായകനായി ശശിയെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതും പരാതിക്കാരിക്കും കൂടെയുള്ളവർക്കും തിരിച്ചടിയായി. 

Latest News