Sorry, you need to enable JavaScript to visit this website.

ഹായിൽ പ്രവിശ്യയിൽ 700 കോടിയുടെ പദ്ധതികൾക്ക് തുടക്കം

ഹായിലിൽ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പൂർത്തിയാക്കിയ പദ്ധതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യുന്നു
ഹായിലിൽ സൽമാൻ രാജാവിന്റെ വാഹന വ്യൂഹം കടന്നുപോകുന്ന റോഡുകളിൽ രാജാവിനെ കാണുന്നതിനും അഭിവാദ്യമർപ്പിക്കുന്നതിനും തടിച്ചുകൂടിയവർ. 

ഹായിൽ - ഹായിൽ പ്രവിശ്യയിൽ 700 കോടിയിലേറെ റിയാലിന്റെ വികസന പദ്ധതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാഷ്ട്രത്തിന് സമർപ്പിച്ചു. നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്ത രാജാവ് മറ്റു പദ്ധതികൾക്ക് ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. ഹായിൽ അജാ കൊട്ടാരത്തിൽ തദ്ദേശ വാസികളെ സ്വീകരിച്ചാണ് രാജാവ് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ടൂറിസം, ദേശീയ പൈതൃക വകുപ്പ്, നാഷണൽ ഗാർഡ് മന്ത്രാലയം, മുനിസിപ്പൽ മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, പാർപ്പിടകാര്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഊർജ, വ്യവസായ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവ നടപ്പാക്കിയ 259 പദ്ധതികൾക്കാണ് രാജാവ് തുടക്കം കുറിച്ചത്. 
ടൂറിസം, ദേശീയ പൈതൃക വകുപ്പ് ആറര കോടി റിയാൽ ചെലവഴിച്ച് പൂർത്തീകരിച്ച പദ്ധതികൾക്ക് രാജാവ് സമാരംഭം കുറിച്ചു. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിനു കീഴിൽ 125 കോടി റിയാലിന്റെ പദ്ധതികൾക്കും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിൽ 95.6 കോടി റിയാലിന്റെ പദ്ധതികൾക്കും നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ 114 കോടി റിയാലിന്റെ പദ്ധതികൾക്കും ഊർജ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ 187 കോടി റിയാലിന്റെ പദ്ധതികൾക്കും പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിൽ 92 കോടി റിയാലിന്റെ പദ്ധതികൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ 70.9 കോടി റിയാലിന്റെ പദ്ധതികൾക്കും ഗതാഗത മന്ത്രാലയത്തിനു കീഴിൽ 25.9 കോടി റിയാലിന്റെ പദ്ധതികൾക്കും രാജാവ് തുടക്കം കുറിച്ചു. 


കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ ഫൈസൽ ബിൻ ഫഹദ് രാജകുമാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന്റെ സമാപനത്തിൽ എല്ലാവരും രാജാവിനൊപ്പം ഉച്ചവിരുന്നിലും പങ്കെടുത്തു. അൽഖസീം, ഹായിൽ സന്ദർശനം പൂർത്തിയാക്കി രാജാവ് ഇന്നലെ വൈകിട്ട് റിയാദിൽ തിരിച്ചെത്തി.

 


 

Latest News