Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെൽഫെയർ പാർട്ടി വഞ്ചനാ ദിനം ആചരിച്ചു 

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം വഞ്ചനാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം - അദാനിയേയും അംബാനിയേയും പോലുള്ള കോർപറേറ്റുകളുടെ കയ്യിലേക്ക് രാജ്യത്തിന്റെ റിസർവ് ബാങ്കിന്റെ കരുതൽ ധനം എത്തിക്കാനുള്ള ഗൂഢ പദ്ധതിയാണ് മോദിയുടേതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ശഫീഖ്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ പാർട്ടി സംഘടിപ്പിച്ച വഞ്ചനാ ദിന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
രൂപയുടെ മൂല്യം ഇടിഞ്ഞ് പാതാളത്തിലെത്തിയ ഈ സന്ദർഭത്തിലും കൂടുതൽ വിനാശത്തിലേക്ക് രാജ്യത്തെ തള്ളിവിടാൻ റിസർവ് ബാങ്കിന്റെ കരുതൽ ധനം പിടിച്ചെടുക്കാനുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പി അധികാരത്തിൽ തുടർന്നാൽ രാജ്യം തന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുക. നോട്ടു നിരോധം സംഘ്പരിവാർ കേന്ദ്രങ്ങളിൽ കുന്നുകൂട്ടിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നു. 
കടന്നു പോയത് സാമ്പത്തിക സ്തംഭനത്തിന്റെ രണ്ടുവർഷങ്ങളാണ്. 2016 നവംബർ എട്ടിന് നരേന്ദ്രമോദി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തിരാവസ്ഥയായിരുന്നു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കും എന്നും ഭീകരവാദം ഇല്ലാതാക്കും എന്നുമാണ് പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാൽ, നിരോധിച്ച നോട്ടുകളിൽ 99% തിരിച്ചെത്തിയതോടെ അവകാശ വാദം പൊളിയുകയായിരുന്നു. കള്ളപ്പണത്തിന്റെ മുഖ്യ കേന്ദ്രം ബി.ജെ.പി ഓഫീസുകളായതിനാലാണ് കള്ളപ്പണം തിരിച്ച് ബാങ്കുകളിലെത്തിയത്. അവകാശവാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണപ്പോൾ ഡിജിറ്റലൈസേഷനും നികുതിപിരിവ് വർധിപ്പിക്കുന്നതിനുമാണെന്ന വാദമാണ് പിന്നീട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, ഷറഫുദ്ദീൻ, ജോസഫ് പാലേലി, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു.

Latest News