Sorry, you need to enable JavaScript to visit this website.

'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1996 ആവര്‍ത്തിക്കും'; ചന്ദ്രബാബു നായിഡു കുമാരസ്വാമിയെ കണ്ടു

ബെംഗളുരു- ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മാത്രമെ ബി.ജെ.പിയില്‍ നിന്നും ജനാധിപത്യ സ്ഥാപനങ്ങളേയും ഭരണഘടനയേയും രക്ഷിക്കാനാകൂവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായി എന്‍. ചന്ദ്രബാബു നായിഡു. ബെംഗളുരുവിലെത്തിയ നായിഡു ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായി എച്.ഡി ദേവഗൗഡയുമായും കര്‍ണാകട മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയെ തറപ്പറ്റിച്ച ഉപതരെഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെയായിരുന്നു നായിഡിയുവിന്റെ സന്ദര്‍ശനം. ബി.ജെപിക്കെതിരെ പ്രതിപക്ഷം ഐക്യം രൂപപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം പിന്നീടാകാമെന്നും മൂന്ന് നേതാക്കളും പറഞ്ഞു. സി.ബി.ഐ, റിസര്‍വ് ബാങ്ക് പോലുള്ള ദേശീയ സ്ഥാപനങ്ങളെ ബി.ജെ.പി തകര്‍ക്കുകയാണ്. പ്രതിപക്ഷത്തെ ഒതുക്കാനാണ് ദേശീയ ഏജന്‍സികളെ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും നായിഡു പറഞ്ഞു. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1996 ആവര്‍ത്തിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. അന്ന് പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് ഫ്രണ്ട് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് ആ തീരുമാനം പിന്നിടാകാമെന്നായിരുന്നു ഇരു നേതാക്കളുടേയും മറുപടി. ഇപ്പോള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും  നായിഡു വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികളില്‍ രാജ്യത്തെ നയിക്കാന്‍ കഴിവുറ്റ നിരവധി നേതാക്കളുണ്ട്. ഇതൊക്കെ പിന്നീട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇപ്പോഴത്തെ ലക്ഷ്യം പ്രതിപക്ഷ ഐക്യവും ജനാധിപത്യ സംരക്ഷണവുമാണെന്ന് കുമാര സ്വാമിയും വ്യക്തമാക്കി.
 

Latest News