Sorry, you need to enable JavaScript to visit this website.

പാസ്‌പോർട്ട് കൈവശം  വെക്കാനുള്ള അവകാശം

അന്താരാഷട്ര തൊഴിൽ നിയമങ്ങൾക്ക് അനുസരിച്ച് സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വരാൻ തുടങ്ങിയിരിക്കുന്നുവെന്നത് സൗദിയുടെ സമഗ്ര പുരോഗതിയുടെ ലക്ഷണമായി വേണം വിലയിരുത്താൻ. തൊഴിൽ രംഗത്തെ നിലപാടുകളാൽ പല കോണുകളിൽ നിന്നുമുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. പഴയ കാലത്തെ അടിമത്തത്തിന്റെ അംശം തൊഴിലാളികളോടുള്ള നിലപാടുകളിൽ ഇപ്പോഴും പ്രകടമാണെന്ന ആരോപണം ഇന്നും രാജ്യം നേരിടുന്നുണ്ട്. തൊഴിലാളികളോട്, പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളോട് ചിലർ കാണിക്കുന്ന സമീപനമാണ് ഇത്തരം ആരോപണങ്ങൾക്കിടയാക്കുന്നത്. 
എന്നാൽ അതിലെല്ലാം മാറ്റം ദൃശ്യമാവാൻ തുടങ്ങിയിരിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നുമുള്ള അധികൃതരുടെ മുന്നറിയിപ്പ് ഇതിന്റെ സൂചനയാണ്. അതിൽ എടുത്തു പറയേണ്ട സംഗതിയാണ് വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ട് അനാവശ്യമായി തൊഴിലുടമ കൈവശം വെച്ചാൽ ശിക്ഷ നേരിടേണ്ടി വരുമെന്ന പ്രഖ്യാപനം. വിദേശ തൊഴിലാളിയെ നിർബന്ധപൂർവം ജോലിയിൽ പിടിച്ചു നിർത്തുക എന്ന ഉദ്ദേശ്യത്തോടെ പാസ്‌പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷ നൽകുമെന്ന സൗദി പബ്ലിക് പ്രോസിക്യൂഷന്റെ അറിയിപ്പ് ഈ രംഗത്തെ വിപ്ലവാത്മകമായ മാറ്റമായി വേണം വിശേഷിപ്പിക്കാൻ.  ഇതിനെ മനുഷ്യക്കടത്ത് എന്ന കുറ്റത്തിന്റൈ പരിധിയിലാണ് പെടുത്തിയിട്ടുള്ളത്. 
തൊഴിലാളിയെ കബളിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ചൂഷണം ചെയ്‌തോ കീഴ്‌പ്പെടുത്തിയോ പാസ്‌പോർട്ട് പിടിച്ചുവെക്കുന്നവരും ഇതേ കുറ്റത്തിന്റെ പരിധിയിൽ വരുമെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുള്ളത്. തൊഴിലാളിയെ ജോലിക്ക് നിർബന്ധിക്കുക എന്ന ഉദ്ദേശ്യത്തോടെ പദവിയും സ്വാധീനവും ദുരുപയോഗിക്കുന്നവർക്കും 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 
അടിമത്തത്തിന് സദൃശമായ പ്രവൃത്തികൾ തൊഴിലുടമയുടെ ഭാഗത്തു നിന്നുണ്ടായാൽ ഇതേ ശിക്ഷക്ക് അർഹരായിരിക്കും. പദവികളുടെ പിൻബലത്തിൽ തൊഴിലാളികള ചൂഷണത്തിനിരയാക്കുന്ന തൊഴിലുടമകളുണ്ട്. 
അത്തരം പ്രവൃത്തികൾ എത്ര വലിയ പദവി അലങ്കരിക്കുന്നവരുടെ ഭാഗത്തു നിന്നായാലും അവരും ശിക്ഷാർഹരായിരിക്കും.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളും സാക്ഷിമൊഴി നൽകലും ശിക്ഷാർഹമാണ്. ഭീഷണിയും ബലപ്രയോഗവും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിലെ പ്രതികൾക്ക് അഞ്ചു വർഷം വരെ തടവോ രണ്ടു ലക്ഷം റിയാൽ വരെ പിഴയോ ശിക്ഷയായി ലഭിക്കാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി തൊഴിലുടമ ബന്ധത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കാൻ സഹായകമായതാണ് ഈ നിയമം. ഇത് തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ സംശയമില്ല,
തൊഴിൽ കേസുകൾ നൽകുന്നതിനുള്ള പുതിയ വ്യവസ്ഥകളും തൊഴിൽ രംഗത്തെ  മാറ്റങ്ങൾക്ക് ശക്തി പകരുന്നതാണ്. തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾക്ക് അനുരഞ്ജനത്തിന്റെ പാതയാണ് ആദ്യം സ്വീകരിക്കേണ്ടതെന്നാണ് പുതിയ വ്യവസ്ഥ. ഇതിനായി ലേബർ ഓഫീസുകളെയാണ് ആദ്യം സമീപിക്കേണ്ടത്. 21 ദിവസത്തിനകം അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അത്തരം കേസുകൾ ലേബർ ഓഫീസുകൾ ഓൺ ലൈൻ വഴി ലേബർ കോടതിക്ക് കൈമാറണം. 
തുടർന്ന് കോടതി വിചാരണ പൂർത്തിയാക്കി എത്രയും വേഗം വിധി പ്രസ്താവിക്കണം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകൾ ഗാർഹിക തൊഴിലാളി തർക്കപരിഹാര കമ്മിറ്റിക്കാണ് ആദ്യം നൽകേണ്ടത്. പത്തു ദിവസത്തിനകം കമ്മിറ്റി തീർപ്പു കൽപിക്കണം. തീർപ്പിൽ തൊഴിലുടമക്കോ, തൊഴിലാളിക്കോ വിയോജിപ്പുണ്ടെങ്കിൽ ഓൺലൈൻ വഴി ലേബർ കോടതിക്ക് അപ്പീൽ നൽകാം. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസുമായി (ഗോസി) ബന്ധപ്പെട്ട കേസുകളിൽ തീർപ്പു കൽപിക്കുന്നതിലും കാതലായ മാറ്റം നീതിന്യായ മന്ത്രാലയം വരുത്തിയിട്ടുണ്ട്. 
യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സൗദിയിലെ തൊഴിലുടമ തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെച്ച് തൊഴിലാളികളെ ചൂഷണത്തിനു വിധേയരാക്കുന്നുവെന്ന പരാതി പലപ്പോഴും ഉണ്ടാകാറുണ്ട്. അന്താരാഷട്ര തലത്തിൽ ഇത് സൗദിക്ക് വരുത്തിവെക്കുന്ന മാനക്കേടിന് തടയിടാൻ നിയമം കർശനമാക്കുന്നതു വഴി സാധിക്കും. മാത്രമല്ല ഇത് തൊഴിലാളിക്ക് നൽകുന്ന ആശ്വാസവും ചെറുതല്ല.
 തൊഴിലാളികളുടെ അവകാശ നിഷേധത്തിനു പോലും തൊഴിലുടമകളുടെ പാസ്‌പോർട്ട് കൈവശം വെക്കൽ പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഇടയാക്കാറുണ്ട്. തൊഴിലുടമക്കും തൊഴിലാളിക്കും ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അവബോധക്കുറവാണ് പലപ്പോഴും ഇതിനു കാരണം. അതുകൊണ്ട് ഇതേക്കുറിച്ചുള്ള അവബോധം കൂടി ഇതോടൊപ്പം വളർന്നു വരേണ്ടതുണ്ട്. 
വിദേശത്ത് തൊഴിൽ തേടുന്നവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കുകയും വേണം. തൊഴിൽ കരാർ നിർബന്ധമായും ഉണ്ടായിരിക്കണം. അതില്ലാതെ തൊഴിൽ തേടി വിദേശത്തെത്തിയാൽ എന്തു തന്നെ നിയമങ്ങളുണ്ടായാലും അതിന്റെ പ്രയോജനം ലഭിക്കണമെന്നില്ല.
 

Latest News