ശബരിമല വിഷയം കേരളത്തിൽ ആളിപ്പടരുമ്പോൾ ജില്ല തോറും നവോത്ഥാന പ്രസംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ പര്യടനം നടത്തുകയാണ്. ആയിരക്കണക്കിനു പ്രേക്ഷകർ അദ്ദേഹത്തെ കേൾക്കാനെത്തുന്നുണ്ട്. ഇത്രയും കാലം മുഖ്യമന്ത്രിയുടെ കടുത്ത വിമർശകർ പോലും തങ്ങൾ അദ്ദേഹത്തോടൊപ്പമാണെന്ന് പ്രഖ്യാപിക്കുന്നു. പ്രളയ സമയത്ത് ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടതു തന്നെ ചെയ്ത മുഖ്യമന്ത്രി നേടിയ കയ്യടിയുടെ തുടർച്ച തന്നെയാണ് ഇപ്പോഴും കാണുന്നത്.
കേരളത്തിൽ പോയ നൂറ്റാണ്ടിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്നതെന്നും ഇപ്പോൾ തങ്ങളാണ് നവോത്ഥാനത്തിനു നേതൃത്വം കൊടുക്കുന്നതെന്നുമാണ് പൊതുവിൽ മുഖ്യമന്ത്രി സമർത്ഥിക്കാൻ ശ്രമിക്കുന്നത്. ആരാധകരാകട്ടെ, അദ്ദേഹത്തെ ആധുനിക കാലത്തെ നവോത്ഥാന നായകനാക്കുന്നു. അതേസമയം വിശ്വാസികളെ കയ്യിലെടുക്കാനും അദ്ദേഹം മറക്കുന്നില്ല. എൽ.ഡി.എഫിന്റെ ഓരോ പൊതുയോഗങ്ങൾ കഴിയും തോറും ജനപങ്കാളിത്തം വർധിക്കുകയാണ്, വിശ്വാസികളാണ് ഞങ്ങളുടെ റാലിയിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും, വിശ്വാസത്തെ എതിർക്കുന്നവരല്ല ഞങ്ങൾ, വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്, ആചാരങ്ങളെ ബഹുമാനിച്ചാണ് താൻ ശബരിമല സന്ദർശിച്ചത്, ഭക്തരെയാണ് സംഘ്പരിവാർ ആക്രമിക്കുന്നത് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എന്താണ് വാസ്തവം? സുപ്രീം കോടതി വിധിക്കെതിരെ സംഘ്പരിവാർ തെരുവിലിറങ്ങി കലാപം ചെയ്യുന്നത് എല്ലാവരും കാണുന്നു. അതു തുടരാൻ തന്നെയാണ് അവരുടെ നീക്കം. എന്നാൽ ഈ പ്രസംഗങ്ങളെല്ലാം നടത്തുന്ന മുഖ്യമന്ത്രിയുടെ സർക്കാർ രണ്ടു തവണ നട തുറന്നപ്പോഴും ചെയ്തതെന്താണ്? സുപ്രീം കോടതി വിധി പ്രകാരം ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥരായ സർക്കാർ ചെയ്തതെന്താണ്? അവസാനം ദീപാവലി ദിവസംപോലും ആന്ധ്രയിൽ നിന്നെത്തിയ നൂറോളം യുവതികളെ 'ഉപദേശിച്ച്' തിരിച്ചയക്കുകയാണ് പോലീസ് ചെയ്തത്. വിദ്യാസമ്പന്നരായ മലയാളികളെ കുറിച്ച് തങ്ങളിങ്ങനെയല്ല കരുതിയതെന്നായിരുന്നു അവരുടെ മറുപടി. ആക്ടിവിസ്റ്റാണോ, കേസുകളുണ്ടോ, നല്ല സ്വഭാവമോണോ എന്നൊക്കെ പരിശോധിച്ച് എന്തെങ്കിലും അന്യായമായ കാരണം പറഞ്ഞ് നിരവധി യുവതികളെ തിരിച്ചയച്ചാണ് മുഖ്യമന്ത്രി ഈ നവോത്ഥാന പ്രസംഗം നടത്തുന്നത്. ആക്ടിവിസം പോലും ഈ സർക്കാറിന് അലർജിയായിരിക്കുന്നു. അതേ സമയത്തു തന്നെ സംഘ്പരിവാർ ഗുണ്ടകൾ ശബരിമല പ്രദേശം ഒന്നടങ്കം കൈവശപ്പെടുത്തി പോലീസിനെ നോക്കുകുത്തിയാക്കുന്നതും കേരളം കണ്ടു. ഒരു യുവതിയും മല കയറില്ല എന്ന് പോലീസ് മൈക്കിലൂടെ അവരുടെ നേതാവ് പ്രഖ്യാപിക്കുന്നതും കേട്ടു.
ചോര ചിന്തിയും യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നല്ല പറയുന്നത്. തീർച്ചയായും ക്രമസമാധാനത്തിന്റെ വിഷയം വന്നാൽ അതു തടയാനായി യുവതികളെ തടയേണ്ടിവരാം. തടയണം. എന്നാലത് ആ രീതിയിൽ തന്നെ ചെയ്യണം. അക്കാരണത്താൽ വിധി നടപ്പാക്കാനാകുന്നില്ല എന്ന് സുപ്രീം കോടതിയെ അറിയിക്കണം. അതു ചെയ്യാതെ ഇപ്പോൾ കേരളത്തെ മാത്രമല്ല, കോടതിയേയും സർക്കാർ വഞ്ചിക്കുകയാണ്. റിവ്യൂ ഹരജി കൊടുക്കുകയോ സമയം നീട്ടി ചോദിക്കുകയോ ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ സത്യസന്ധതയുണ്ടാകുമായിരുന്നു. എന്നാലതിനൊന്നും മുതിരാതെയാണ് മുഖ്യമന്ത്രി നവോത്ഥാന പ്രസംഗങ്ങളുമായി പര്യടനം നടത്തുന്നത് എന്നതിനെ ധൈഷണിക സത്യസന്ധതയില്ലായ്മ എന്നല്ലാതെ എന്താണ് പറയുക?
മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗങ്ങളും ചരിത്ര യാഥാർത്ഥ്യങ്ങളുമായി യോജിക്കുന്നതല്ല എന്നതും പറയാതിരിക്കാനാവില്ല. ചരിത്രത്തെ ഭംഗിയായി വളച്ചൊടിച്ച് നവോത്ഥാന മുന്നേറ്റങ്ങളുടെ പിൻഗാമികൾ തങ്ങളാണെന്നു സ്ഥാപിക്കാനും അതിന്റെ ഭാഗമാണ് ശബരിമല വിഷയത്തിലെ നിലപാടെന്നും സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതെത്ര മാത്രം ചരിത്ര വിരുദ്ധമാണെന്നു വ്യക്തമായിട്ടും ആവർത്തിക്കുകയാണ് അദ്ദേഹം. മാറുമറക്കൽ സമരം, പൊതു നിരത്തുകളിലെ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രങ്ങളിലെ പ്രവേശനം, അയിത്തോച്ചാടനം, പന്തിഭോജനം, അരുവിപ്പുറം പ്രതിഷ്ഠ, വിദ്യാഭ്യാസാവകാശം, സ്ത്രീയെ അടുക്കളയിൽ നിന്നു അരങ്ങത്തു കൊണ്ടുവരൽ, വിധവാ വിവാഹം, മിശ്രവിവാഹം എന്നിങ്ങനെ ഏതു നവോത്ഥാന പ്രസ്ഥാനത്തിലാണ് കമ്യൂണിസ്റ്റുകാർക്ക് പങ്കുള്ളത്? ഇവ മിക്കവാറും നടന്നത് പാർട്ടി രൂപീകരണത്തിനു മുമ്പാണ്. എന്നാൽ രൂപീകരണത്തിനുശേഷം ഈ ധാരയെ പിന്തുടരാൻ പാർട്ടി ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. മറിച്ച് പല നവോത്ഥാന നായകരെയും ബൂർഷ്വാസികളെന്നും വർഗീയവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. പലരേയും അദൃശ്യരാക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നീട് നവോത്ഥാനധാര തന്നെ മുന്നോട്ടു പോയില്ല എന്നതല്ലേ സത്യം. അതിൽ മുഖ്യ പങ്ക് ആർക്കാണ് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. ഈ യാഥാർത്ഥ്യങ്ങൾക്കെല്ലാം മുന്നിൽ നിന്നാണ് ഇപ്പോൾ ശബരിമല വിഷയത്തിൽ കൃത്യമായ ഒരു നിലപാടുമെടുക്കാതെ മുഖ്യമന്ത്രി നാടെങ്ങും ഈ നവോത്ഥാന പ്രസംഗങ്ങൾ നടത്തുന്നതും അതിനു കയ്യടിക്കാൻ ആരാധകർ ഓടിക്കൂടുന്നതും.
അവസാനമായി ഒന്നുകൂടി. വർഗീയ വികാരങ്ങൾ കുത്തിപ്പൊക്കാനും ബാബ്‌രി മസ്ജിദ് തകർക്കാനുമായി മുമ്പൊരിക്കൽ എൽ. കെ അദ്വാനി നടത്തിയ രഥയാത്രയെ തടയാൻ ധൈര്യം കാണിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു. ലാലുപ്രസാദ് യാദവ്. ഇപ്പോഴിതാ സമാനമായ ലക്ഷ്യത്തോടെ ശ്രാധരൻ പിള്ളയുടെ നേതൃത്വത്തിൽ ബി.ജെ.പി കേരളത്തിൽ രഥയാത്ര ആരംഭിക്കുന്നു. നവോത്ഥാന നായകൻ പിണറായി വിജയൻ എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം.