കോഴിക്കേട്- ശബരിമല സംഘര്‍ഷം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട്ട് യുവമോര്‍ച്ച വേദിയില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പരാതി. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.
ശബരിമല സമരം ആസൂത്രിതമാണെന്നാണു പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തുലാമാസ പൂജയ്ക്കായി നട തുറന്നസമയത്തു യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.