ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ച നിയാസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

തുവ്വൂര്‍- ജിദ്ദയില്‍ ഷേക്കേറ്റ് മരിച്ച അക്കരപ്പുറം സ്വദേശി നിയാസിന്റെ മൃതദേഹം വന്‍ജനാവലിയുടെ സന്നിധ്യത്തില്‍ അക്കരപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനല്‍ മറവു ചെയ്തു.
പുത്തൂര്‍ അബൂബക്കറിന്റെ മകന്‍ നിയാസ് (28) ഈ മാസം മൂന്നിനാണ് ജിദ്ദയിലെ റുവൈസില്‍  ഷോക്കേറ്റ് മരിച്ചത്.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ പുലര്‍ച്ചെ 3.45 നാണ് മൃതദേഹം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ആംബുലന്‍സില്‍
വീട്ടില്‍ കൊണ്ടു വന്ന മൃതദേഹം രാവിലെ ഏഴ് മണി വരെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം 7.10 ന് പള്ളിയിലെത്തിച്ചു.
7.20 ന് മയ്യിത്ത് നമ്‌സകാരത്തിന് ബന്ധു മുജീബുദ്ദീന്‍ അന്‍വരി നേതൃത്വം നല്‍കി. ജിദ്ദയിലുണ്ടായിരുന്ന പിതാവ് അബൂബക്കറും നിയാസിന്റെ അളിയന്‍ ശാഫിയും മൃതദേഹത്തെ അനുഗമിച്ച് നാട്ടില്‍ എത്തിയിരുന്നു.
ഏതാണ്ട് പണി പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് രണ്ട് മാസം കഴിഞ്ഞ് താമസം മാറാനിരിക്കെയാണ് നിയാസിന്റെ അപ്രതീക്ഷിത മരണം. പൂളമണ്ണയിലെ തറമണ്ണില്‍ റഹിയാനത്താണ് മാതാവ്. പൂളമണ്ണയിലെ കുഴിമ്പാടത്ത് റിന്‍ഷിദ ഭാര്യയും രണ്ടര വയസുള്ള ഷാസമാന്‍ ഏക മകനുമാണ്.

 

Latest News