Sorry, you need to enable JavaScript to visit this website.

നോട്ടുനിരോധന മുറിപ്പാടുകള്‍ കാലം ഉണക്കുന്നില്ലെന്ന് മന്‍മോഹന്‍ സിങ്

ന്യൂദല്‍ഹി- നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്. നോട്ടുനിരോധന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും സാമ്പത്തിക നയങ്ങളില്‍ സര്‍ക്കാര്‍ അനിശ്ചിതത്വം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലം മുറിവുണക്കും എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നോണം നോട്ടു നിരോധന മുറിവിന്റെ പാടുകളും അടയാളങ്ങളും കാലം ചെല്ലുംതോറും കൂടുതല്‍ വെളിപ്പെട്ടുവരികയാണ്- മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

സാമ്പത്തിക നയങ്ങളില്‍ സ്പഷ്ടതയും ഉറപ്പും സര്‍ക്കാര്‍ പുനസ്ഥാപിക്കണം. എങ്ങനെ ഒരു സാമ്പത്തിക അബദ്ധം രാജ്യത്തെ ദീര്‍ഘനാളത്തേക്ക് അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നും സാമ്പത്തിക നയരൂപീകരണം ശ്രദ്ധയോടെയും ചിന്തിച്ചും കൈകാര്യം ചെയ്യേണ്ടതാണെന്നും ഓര്‍ക്കാനുള്ള ദിവസമാണിന്ന്- അദ്ദേഹം പറഞ്ഞു.

ഭൗര്‍ഭാഗ്യകരമായ തീരെ ചിന്തയില്ലാതെ ചെയ്ത നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും കാണാം. പ്രായ, ലിംഗ, ജോലി, ജാതി, മത ഭേദമന്യേ ഈ നോട്ടു നിരോധനം ഓരോരുത്തരേയും ബാധിച്ചു. ഉയര്‍ച്ചാ നിരക്കിലായിരുന്ന ജി.ഡി.പി കുത്തനെ ഇടിഞ്ഞതിനു പുറമെ നോട്ട് നിരോധനത്തിന്റെ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഇപ്പോഴും മറനീക്ക് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ നോട്ടുനിരോധനത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല-മന്‍മോഹന്‍ വിശദീകരിച്ചു.

തൊഴിലവസരങ്ങല്‍ സൃഷ്ടിക്കാന്‍ സാമ്പത്തിക മേഖല പൊരുതുമ്പോള്‍ ഈ നോട്ടു നിരോധനം പ്രത്യക്ഷത്തില്‍ തന്നെ തൊഴില്‍ സൃഷ്ടിപ്പുക്കള്‍ക്ക് വിഘാതമായി. കറന്‍സി പ്രതിസന്ധി രൂക്ഷമായതോടെ അസ്ഥിരമായ സാമ്പത്തിക വിപണികള്‍ ഇപ്പോള്‍ അതിന്റെ ഒടുവിലെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാനസൗകര്യ വായ്പ നല്‍കുന്ന സ്ഥാപനങ്ങളും ബാങ്കിതര സാമ്പത്തിക സേവന കമ്പനികളും അനുഭവിക്കുകയാണ്. നോട്ടുനിരോധനത്തിന്റെ മുഴു പ്രത്യാഘാതം ഇനിയും നാം മനസ്സിലാക്കാനും അനുഭവിക്കാനും ഇരിക്കുന്നതെയുള്ളൂ. മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്ന രൂപയും ആഗോള വിപണിയില്‍ ഉയരുന്ന ഇന്ധന വിലയും ബൃഹത് സാമ്പത്തിക എതിര്‍ക്കാറ്റും ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇനിയും സര്‍ക്കാര്‍  യാഥാസ്ഥിതികമല്ലാത്ത ഹൃസ്വകാല സാമ്പത്തിക നടപടികളുമായി മുന്നോട്ടു പോകരുത്. ഇത് സമ്പദ് വ്യവസ്ഥയിലും സാമ്പത്തിക വിപണികളിലും കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും മന്‍മോഹന്‍ മുന്നറിയിപ്പു നല്‍കി.
 

Latest News