ഇ.പി. ജയരാജന് നൽകാത്ത ഇളവ്  ജലീലിനെന്തിന്  -രമേശ് ചെന്നിത്തല 

തിരുവനന്തപുരം- ബന്ധു നിയമനക്കേസിൽ ഇ.പി. ജയരാജന് നൽകാത്ത ഇളവ് മന്ത്രി കെ.ടി. ജലീലിന് നൽകുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങൾ ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ഇത് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തമായ സ്വജനപക്ഷപാതമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 1988 ലെ അഴിമതി നിരോധന നിയമം 13 (1) പ്രകാരം കുറ്റക്കാരനാണ് ജലീൽ. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ കുറ്റസമ്മതമാണ്.  ബന്ധുവിനെ നിർബന്ധിച്ച് വിളിച്ചു കൊണ്ടുവന്ന് ജോലി കൊടുത്തു എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നിർബന്ധിച്ച് വിളിച്ചു കൊണ്ടുവന്ന് കൊടുക്കാവുന്നതല്ല സർക്കാരിലെയും കോർപറേഷനിലെയും ജോലികൾ. അതിന് നിയമവും ചട്ടവുമൊക്കെയുണ്ട്. നിശ്ചിത യോഗ്യതയുള്ളവരെ കിട്ടാനില്ലാത്തിനാൽ മന്ത്രിയുടെ ബന്ധുവിനെ അങ്ങോട്ട് ചെന്ന് നിർബന്ധിച്ചു എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഒരു ഇന്റർവ്യൂവിൽ യോഗ്യരായവർ എത്തിയില്ലെങ്കിൽ അത് റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രി ഇറങ്ങി നടന്ന് ആരെയെങ്കിലും നിർബന്ധിച്ച് വിളിച്ചു കൊണ്ടുവരികയല്ല വേണ്ടത്.
സ്ഥിരനിയമനത്തിനും ഡെപ്യുട്ടേഷനും രണ്ടു തരം നടപടിക്രമങ്ങളാണ്. നിയമനത്തിനുള്ള അപേക്ഷകരുടെ ലിസ്റ്റിൽ നിന്ന് ഡെപ്യുട്ടേഷൻ നിയമനം നടത്തുന്നതെങ്ങനെ. ഡെപ്യുട്ടേഷന് പ്രത്യേക അപേക്ഷ ക്ഷണിക്കണം. മന്ത്രിയുടെ ബന്ധു ഡെപ്യുട്ടേഷൻ കിട്ടുന്നതിന്  ചട്ടപ്രകാരമുള്ള അപേക്ഷ നൽകിയിരുന്നോ, അതിൽ എൻ.ഒ.സി വെച്ചിരുന്നോ, അത് ധനകാര്യ വകുപ്പ് അറിഞ്ഞിരുന്നോ -ഇത് വ്യക്തമാക്കണം. സൗത്ത് ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥന് സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനിൽ ഡെപ്യുട്ടേഷൻ നൽകാൻ കഴിയുമോ എന്ന കാര്യവും സംശയമാണ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനുള്ള  വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയത് എന്തിനാണെന്ന് മന്ത്രിക്ക് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയ്ക്ക് ആവശ്യമായ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിൽ കുറവ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് തന്നെ ക്രമക്കേടിന് തെളിവാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ, എം.ഡി, ജനറൽ മാനേജർ നിയമനങ്ങളിൽ വിജിലൻസ് കഌയറൻസ് വേണമെന്ന് 2016 ഒക്ടോബർ മൂന്നിലെ മന്ത്രിസഭാ തീരുമാനമുണ്ട്. അത് ജലീലിന് ബാധകമല്ലേ. കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കാണ് നിയമനം നടത്തിയത്. അതിന് മുൻപ് വിജിലൻസ് ക്ലിയറൻസ് വാങ്ങിയിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.

Latest News