ആലപ്പുഴ- സാക്ഷരതാമിഷൻ അക്ഷരലക്ഷം പദ്ധതിയിൽ 98 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തി താരമായ ചേപ്പാട് സ്വദേശിനി കാർത്യായനി അമ്മയെത്തേടി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വീട്ടിലെത്തി. അക്ഷരലക്ഷം നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ പരീക്ഷർത്ഥിയായിരുന്നു കാർത്യായനിയമ്മ. 97 വയസുള്ള കാർത്യായനിയമ്മയെ മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്ത് അനുമോദിച്ചിരുന്നു.
തുടർന്ന് എന്ത് ചെയ്യണാനാണ് ആഗ്രഹമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് തനിക്ക് പത്താംക്ലാസ് പഠിക്കണം എന്ന് അറിയിച്ചു. കമ്പ്യൂട്ടർ പഠിക്കണമെന്നും സൂചിപ്പിച്ചു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് പ്രകാരമാണ് താൻ ലാപ്‌ടോപ്പുമായി എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ മറ്റ് പരിപാടികൾക്കായി എത്തിയ മന്ത്രി രവീന്ദ്രനാഥ് താൻ ലാപ്‌ടോപ്പുമായാണ് എത്തിയതെന്ന വിവരം ഉദ്യോഗസ്ഥരോട് പോലും പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് മന്ത്രി കാര്യത്യായനി അമ്മയുടെ വീട്ടിലേക്ക് കടന്നുചെന്നത്. കമ്പ്യൂട്ടർ ലഭിച്ചതിലുള്ള സന്തോഷം അമ്മ മറച്ചുവച്ചില്ല. കാർത്യായനിയമ്മയ്‌ക്കൊപ്പമിരുന്ന് മന്ത്രി കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു.






