അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കുമെന്ന് യോഗി

ലഖ്‌നൗ- അയോധ്യയില്‍ പടുകൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കുമെന്ന് ആവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതുതായി നിര്‍മിക്കുന്ന ശ്രീരാമന്റെ പ്രതിമ അയോധ്യയുടെ അടയാളമായി മാറും. അയോധ്യയില്‍ നടക്കുന്ന ദീപാവലി ആഘോഷത്തിനിടെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഫൈസാബാദ് ജില്ലയെ അയോധ്യയായി കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പുനഃനാമകരണം ചെയ്തിരുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും രാമന്റെ പ്രതിമ. ഇതിന് പറ്റിയ ഭൂമിയേതാണെന്നുള്ള തീരുമാനം ഉടനുണ്ടാകും. ഒരു ക്ഷേത്രത്തിനുള്ളിലാകും പ്രതിമ സ്ഥാപിക്കുക. ശ്രേഷ്ഠമായ ഈ പ്രതിമ അയോധ്യയുടെ മാര്‍ഗ്ഗസ്തംഭമായി മാറുമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമക്ക് സമാനമായ ഒരു വന്‍ പദ്ധതിയാകുമിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തര്‍ക്ക പ്രദേശമായ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണം സംബന്ധിച്ച ചോദ്യത്തിന്, അവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നു. അവിടെ ഇനിയും ഉണ്ടാകും, അതേ സമയം ഭരണഘടയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാകുമിത് എന്നായിരുന്നു മറുപടി.
കഴിഞ്ഞ വര്‍ഷമാണ് രാമന്റെ പ്രതിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം യു.പി സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല. പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയും കണ്ടെത്തിയിരുന്നില്ല. ജനങ്ങളില്‍ നിന്ന് പണം ശേഖരിച്ചാകും നിര്‍മ്മാണമെന്നാണ് സൂചന.

 

Latest News