Sorry, you need to enable JavaScript to visit this website.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം തട്ടിയ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി- വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യമായി 10 ലക്ഷം രൂപ വാങ്ങിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ തേക്കിന്‍കോട് നെച്ചിക്കാട്ടില്‍ നിസാറി (31)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. തിരൂര്‍ പല്ലാര്‍ തിരുനാവായ മൊയ്തീന്‍കുട്ടിയുടെ മകന്‍ പള്ളിയാലില്‍ ഹംസ (54), ഡ്രൈവര്‍ നൗഫല്‍ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.  2018 ഒക്‌ടോബര്‍ 30ന് കോയമ്പത്തൂരില്‍  പോയതായിരുന്നു ഇരുവരും.  നവംബര്‍ രണ്ടിന് തിരികെ വരുമ്പോള്‍ ഉക്കടത്തു വച്ച് പ്രതിയും കണ്ടാലറിയാവുന്ന 11 പേരും ചേര്‍ന്നു ഒരു വാഹനം ഹംസയുടെ കാറിനു പിറകിലിടിക്കുകയും മറ്റൊരു വാഹനം കുറുകെയിട്ട് ബ്ലോക്ക് ചെയ്യുകയുമായിരുന്നു.  തുടര്‍ന്നു ഇരുവരെയും അജ്ഞാത കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയി.  ഹംസയുടെ മാതാവിനെ ഫോണില്‍ വിളിച്ചാണ് മകനെ വിട്ടു നല്‍കാന്‍ 20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത്.  പോലീസില്‍ അറിയിച്ചാല്‍ ഹംസയെ കൊന്നുകളയുമെന്നും ഹംസ സഞ്ചരിച്ച കാറില്‍ മയക്കുമരുന്ന് വെച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.  ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മൂന്നിനു രാത്രി ഏഴിനു രാമനാട്ടുകരയില്‍ വെച്ച് 10  ലക്ഷം രൂപ പ്രതികള്‍ക്കു നല്‍കി.  ബിഎംഡബ്ല്യു കാറിലെത്തിയ ഒന്ന്, മൂന്ന് പ്രതികളാണ് പണം കൈപ്പറ്റിയത്.  എന്നാല്‍ പിന്നീട് 40 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഒക്‌ടോബര്‍ നാലിനു ഹംസയുടെ സഹോദരന്‍ ബഷീര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.  തിരൂര്‍ എസ.്‌ഐ  സുമേഷ് സുധാകരന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരമറിഞ്ഞ പ്രതികള്‍ ഹംസയെ ഓക്‌ടോബര്‍ അഞ്ചിനു പാലക്കാട് കൊപ്പം എന്ന സ്ഥലത്ത് കൊണ്ടു വന്നു ഇറക്കിവിടുകയായിരുന്നു.

 

Latest News