Sorry, you need to enable JavaScript to visit this website.

ജ്വല്ലറി ജോലിയിൽ സൗദി യുവതികൾക്ക് പരിശീലനം

റിയാദിൽ ജ്വല്ലറി മേഖലാ തൊഴിലുകളിൽ പരിശീലനം നേടുന്ന സൗദി  യുവതികൾ 

റിയാദ് - ജ്വല്ലറികളിലെ ജോലികളിൽ നിയമിക്കുന്നതിന് ഇരുപതു സൗദി യുവതികൾക്ക് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് പരിശീലനം നൽകുന്നു. ആഭരണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായി സഹകരിച്ച് റിയാദ് ചേംബറിലെ മാനവ ശേഷി, തൊഴിൽ വിപണി കമ്മിറ്റിയാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കമ്പനിക്കു കീഴിലെ ജ്വല്ലറികളിൽ നിയമനം നൽകും.
ജ്വല്ലറി മേഖലയിൽ സൗദിവൽക്കരണത്തിന് പിന്തുണ നൽകുന്നതിനും മതിയായ യോഗ്യതയുള്ള വനിതാ ജീവനക്കാരെ ലഭ്യമാക്കുന്നതിനും റിയാദ് ചേംബർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതി നടപ്പാക്കുന്നത്. ജ്വല്ലറി മേഖലയിലെ തൊഴിൽ നൈപുണ്യങ്ങളും വിൽപന തന്ത്രങ്ങളും ആർജിക്കൽ, ഉപയോക്താക്കളുമായി മികച്ച നിലയിൽ ഇടപെടുന്നതിനെയും തൊഴിൽ പെരുമാറ്റത്തെയും കുറിച്ച ബോധവൽക്കരണം എന്നിവയിലൂടെ യുവതികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്ത കാരറ്റുകളിൽ പെട്ട സ്വർണം, അമൂല്യ കല്ലുകൾ, ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്ന മറ്റു പദാർഥങ്ങൾ എന്നിവയെ കുറിച്ചും വാണിജ്യ വഞ്ചനകളെ കുറിച്ചും യുവതികൾക്ക് അറിവ് നൽകുന്നുണ്ട്. പരിശീലന കാലത്ത് യുവതികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കമ്പനിക്കു കീഴിലെ ജ്വല്ലറികളിൽ ജോലിയും നൽകും. ആദ്യ ബാച്ച് ആയാണ് ഇരുപതു യുവതികൾക്ക് പരിശീലനം നൽകുന്നത്. ഭാവിയിൽ കൂടുതൽ സൗദി യുവതികൾക്ക് പരിശീലനം നൽകുന്നതിനും ജ്വല്ലറികളിൽ നിയമിക്കുന്നതിനും പദ്ധതിയുണ്ട്. 

 

Latest News