നാഴികക്ക് നാൽപത് വട്ടം ബി.ജെ.പി വിരുദ്ധത പ്രസംഗിക്കുന്നവരാണല്ലോ സഖാക്കൾ. കോൺഗ്രസിന് മേൽ ബി.ജെ.പി ബാന്ധവത്തിന്റെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് സംഘപരിവാരവുമായി 1977 മുതൽ തങ്ങൾക്കുള്ള ബന്ധം മറച്ചു വെക്കാനുള്ള ചെപ്പടി വിദ്യയാണെന്ന് പൊതുജനം ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്.
കണ്ണൂരിലെ സി.പി.എമ്മിനുള്ളിലെ ആഭ്യന്തര കലഹം തീർക്കാൻ വരെ സഖാക്കൾ ആശ്രയിക്കുന്നത് സംഘപരിവാരത്തെയാണെന്നത് അവർക്കിടയിലുള്ള ബന്ധത്തിന്റെ ദൃഢതയല്ലേ വ്യക്തമാക്കുന്നത്? ബി.ജെ.പിക്കെതിരെയുള്ള കണ്ണൂരിലെ രക്തരൂഷിത വിപ്ലവത്തിന്റെ കഥകൾ പറഞ്ഞല്ലേ ഇന്ത്യയിൽ സംഘപരിവാരത്തെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന് സി.പി.എം വീമ്പ് പറയാറ്.
1977 ൽ ആർ.എസ്.എസ് നേതാക്കളോടൊപ്പം കറങ്ങി നടന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്ര ചിത്രങ്ങൾ രാഷ്ട്രീയ അവബോധമുള്ളവരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്സെക്ക് ആരാധ്യ പരിവേഷം നൽകുന്ന ആർ.എസ്.എസിനെ ചിലർക്കെങ്കിലും സ്വീകാര്യ യോഗ്യമാക്കിയതിൽ സി പി.എമ്മിന്റെ ഈ ചങ്ങാത്തം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഏത് ചെകുത്താനെ കൂടെ കൂട്ടിയിട്ടാണെങ്കിലും കോൺഗ്രസിനെ തകർക്കുകയെന്ന ലക്ഷ്യവുമായി നടന്ന സി.പി.എം യഥാർത്ഥത്തിൽ സംഘ പരിവാരത്തിന്റെ വളർച്ചയുടെ വേഗത കൂട്ടുകയായിരുന്നു. 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 426 സീറ്റുമായി കോൺഗ്രസ് അധികാരം പിടിച്ചെടുത്തപ്പോൾ ബി.ജെ.പിയുടെ സഭയിലെ അംഗസംഖ്യ രണ്ട്. ഗുജറാത്തിലെ മെഹ്സാനയിൽ നിന്ന് ജയിച്ച ഡോ. എ.കെ പട്ടേൽ, ആന്ധ്രപ്രദേശിലെ ഹനംകോണ്ടയിൽ നിന്ന് ജയിച്ച ജംഗ റെഡ്ഢി എന്നിവരായിരുന്നു ബി.ജെ.പിയുടെ സഭയിലെ രണ്ടംഗങ്ങൾ.
അന്ധമായ കോൺഗ്രസ് വിരോധം തലക്ക് പിടിച്ച സി.പി.എം കോൺഗ്രസ് മുക്തഭാരതമെന്ന സ്വപ്ന സാഫല്യത്തിനായി രാപ്പകലില്ലാതെ പണിയെടുത്തു കൊണ്ടേയിരുന്നു. അതിന്റെ ഫലമായിട്ടാണ് 1989 ൽ വി.പി. സിംഗിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ പുതിയൊരു മുന്നണി രൂപം കൊണ്ടത്. ബി.ജെ.പിയുടെയും സി.പി.എം ഉൾപ്പെട്ട ഇടതുപക്ഷത്തിന്റെയും പുറത്ത് നിന്നുള്ള പിന്തുണയുടെ കരുത്തിൽ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിക്കസേരയിൽ നിന്ന് താഴെ ഇറക്കാനായി. എന്നാൽ, മതേതര മനസ്സുകൾക്കേറ്റ ഏറ്റവും വലിയ മുറിവായിരുന്നു 1989 ലെ തെരഞ്ഞെടുപ്പ് ഫലമെന്നത് ചരിത്ര സത്യമാണ്. രണ്ടിൽ നിന്നും 85 സീറ്റിലേക്ക് റോക്കറ്റ് പോലെ ബി.ജെ.പി കുതിച്ചത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. ബി.ജെ.പിയെന്ന വർഗീയ പാർട്ടിക്ക് അദ്ഭുതകരമായ വിജയം സമ്മാനിച്ചതിലും ഇന്ത്യയിലെ പ്രമുഖ പാർട്ടികളിലൊന്നെന്ന സ്ഥാനം ലഭ്യമാക്കിയതിലും ഇടതുപക്ഷം വിശിഷ്യാ സി.പി.എം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
കേരളത്തിൽ 1977 ൽ തന്നെ സി.പി.എം ആർ.എസ്.എസ് ബന്ധം നിലവിലുണ്ട്. 77 ലെ നിയമസഭാ ഇലക്ഷനിൽ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവും ആർ.എസ്.എസുകാരനുമായ കെ.ജി.മാരാർ കാസർകോട്ടെ ഉദുമയിൽ മൽസരിച്ചത് ഇടതുപക്ഷക്കാരനായിട്ടാണ്. അന്ന് ജനസംഘം ജനതാ പാർട്ടിയിലെ ഘടകമായിരുന്നെന്ന ന്യായമാണ് സഖാക്കൾ അതിന് പറയുക. എന്നാൽ, ആർ.എസ്.എസുകാരനായിരിക്കേ തന്നെയാണ് ജനസംഘത്തിന്റെ പോരാളിയായി ജനതാ പാർട്ടിക്ക് വേണ്ടി ഇടതുപക്ഷ ലേബലിൽ അദ്ദേഹം മത്സരിച്ചത്. ഇതേ കെ.ജി. മാരാരാണ് പിന്നീട് (1985ൽ) ബി.ജെ.പിയുടെ സംസ്ഥാനത്തെ രണ്ടാമത്തെ പ്രസിഡന്റായത്. ഒൻപത് വർഷക്കാലമാണ് അദ്ദേഹം ആ പദവി കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ പേരിലാണ് ബി.ജെ.പിയുടെ സംസ്ഥാന കാര്യാലയം അറിയപ്പെടുന്നതും.
രാഷ്ടീയ സ്വയം സേവക് സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കൂട്ടം അധ്യാപകരാലും വിദ്യാർത്ഥികളാലും സ്ഥാപിക്കപ്പെട്ട എ ബി വി പിയും എസ്എഫ്ഐയും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് പി.എസ്. ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശനച്ചടങ്ങിൽ വെച്ച് മന്ത്രി എ.കെ. ബാലൻ പറഞ്ഞത് ആരും മറന്നിട്ടില്ല. കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ - എബിവിപി സംയുക്ത സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു പി.എസ്. ശ്രീധരൻ പിള്ളയെന്നും സാഹചര്യമുണ്ടായാൽ ഇനിയും സഹകരിച്ച് പ്രവർത്തിക്കുമെന്നും ബാലൻ പരസ്യമായി പ്രസ്താവിച്ചത് ചരിത്രത്തിലൂടെ ഭാവിയിലേക്കുള്ള പാലം പണിയലല്ലേ?
2009 ലെ ലോക്സഭാ ഇലക്ഷനിൽ കേരളത്തിൽ സി.പി.എമ്മും ഇടതുപക്ഷവും യു.ഡി.എഫിനെ എതിരിട്ടത് അബ്ദുന്നാസർ മഅ്ദനിയുടെ പി.ഡി.പി.യുടെയും സംഘടനാപരമായ കാരണങ്ങളാൽ (നയപരമല്ല) ബി.ജെ.പിയിൽ നിന്ന് തെറിച്ച (വൈകാതെ ബി.ജെ.പിയിൽ തിരിച്ചെത്തി) രാമൻ പിള്ളയുടെ ജനപക്ഷത്തിന്റെയും പിന്തുണയോടെയായിരുന്നു. പൊന്നാനിയുൾപ്പെടെ പതിനാറിടങ്ങളിൽ യു.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോൾ മഅ്ദനിയുമായുള്ള തെരഞ്ഞെടപ്പ് വേദി പങ്കിടലാണ് ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന്റെ മുഖ്യ കാരണമായി പിണറായിയും സി.പി.എമ്മും കണ്ടെത്തിയത്. എന്നാൽ സംഘിയായ രാമൻ പിള്ളയേയും മാറാട് കലാപ കാലത്ത് മുസ്ലിംകൾക്കെതിരെയുള്ള സംഘപരിവാരത്തിന്റെ ആക്രമണം വേണ്ടത്രയായില്ലെന്ന് പരസ്യമായി പറയുന്ന തരത്തിൽ വർഗീയ തിമിരം ബാധിച്ച രാമൻ പിള്ളയുടെ ചില അനുയായികളേയും ഒക്കത്തും മടിയിലുമിരുത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പിണറായിയും കൂട്ടരും പങ്കെടുത്തത് പരാജയത്തിന്റെ ചെറിയൊരു കാരണമായിട്ട് പോലും സി.പി.എമ്മും സി.പി.ഐയും ഉൾപ്പെട്ട ഇടതുപക്ഷം കണ്ടില്ല. സംഘപരിവാർ രാഷ്ട്രീയത്തോടുള്ള ഇഷ്ടത്തിന്റെ ചെറിയൊരു ഉദാഹരണമായിട്ടോ കാവിയെ പ്രണയിക്കുന്നവരുടെ അനിഷ്ടം സമ്പാദിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമായിട്ടോ നമുക്കതിനെ വ്യാഖ്യാനിക്കാം.
പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നവരോട് സി.പി.എം വെച്ചു പുലർത്തുന്ന പക നമുക്കെല്ലാം അറിയുന്നതാണ്. എം.വി.രാഘവനെതിരെ പാർട്ടി അണികളെ തിരിച്ചുവിട്ടതും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പാപ്പിനിശ്ശേരിയിലെ സ്നെയ്ക് പാർക്കിലെ മിണ്ടാപ്രാണികളോട് പോലും സി.പി.എമ്മുകാർ കാണിച്ച ക്രൂരത കേരള ജനത മറന്നിട്ടില്ല. പാർട്ടിയുടെ നിലപാടുകൾക്കെതിരെ ശബ്ദിച്ച് പുറത്ത് പോയ ടി.പി ചന്ദ്രശേഖരൻ 51 വെട്ടുകളേറ്റ് ക്രൂരമായി കൊല ചെയ്യപ്പെട്ടു. ടി.പിയുടെ മുഖം തുന്നിക്കെട്ടാൻ നാല് മണിക്കൂറിലേ എടുക്കേണ്ടി വന്നുവെന്ന് അറിയുമ്പോൾ പാർട്ടി വിട്ടവരോടുള്ള സി.പി.എമ്മിന്റെ പകയുടെ തീവ്രത നമുക്ക് ഊഹിക്കാനാവും. പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞ് പോപ്പുലർ ഫ്രണ്ടിൽ ചേർന്നതിനാണ് കണ്ണൂരിലെ ഫസലിനെ സി.പി.എമ്മുകാർ കൊന്ന് തള്ളിയത്. ഇത്തരം കൊലപാതകങ്ങൾ ഇനിയുമുണ്ട്. എന്നാൽ കോട്ടയം കാഞ്ഞിരപ്പള്ളി ഇടതുപക്ഷ എ.എൽ.എ ആയിരുന്ന അൽഫോൺസ് കണ്ണന്താനം സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിയായപ്പോൾ പിണറായിയും സി.പി.എമ്മുകാരും സൽക്കരിച്ചാദരിച്ചതിന് പിന്നിലെ കാരണം മോഡിയുടെയും സംഘികളുടെയും തൃപ്തി സമ്പാദിക്കുകയെന്നത് തന്നെയായിരുന്നു.
പള്ളിയിൽ കിടന്നുറങ്ങുമ്പോൾ അർ.എസ്.എസുകാരാൽ അതിനിഷ്ഠുരമായി കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ മയ്യിത്ത്, സ്വന്തം നാടിനേക്കാൾ ആത്മബന്ധമുണ്ടായിരുന്ന ജോലി ചെയ്ത സ്ഥലത്തേക്ക് കൊണ്ടുവരാൻ ഗവൺമെന്റ് അനുവദിക്കാതിരുന്നതും പ്രിയമുള്ളവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ അവസരം നിഷേധിച്ചതും ആരും മറന്നിട്ടില്ല. ആക്രമണം നടത്തിയും എതിരാളിയെ വെല്ലുവിളിച്ചും വിലാപ യാത്രകൾ നടക്കുന്ന നാട്ടിലാണ് ഒരനിഷ്ട സംഭവവുമുണ്ടാകില്ലെന്നും പൂർണ സമാധാനം ഉറപ്പ് വരുത്താമെന്നും മഹല്ല് കമ്മിറ്റി അറിയിച്ചിട്ടും റിയാസ് മൗലവിയുടെ മയ്യിത്ത് കാസർകോട്ടെ പള്ളിയിലേക്ക് കൊണ്ടുവരാൻ അനുവദിക്കാതിരുന്നത്. പിണറായി വിജയന്റെ ഈ നിലപാടിന്റെ പിന്നിലെ താൽപര്യം അരിയാഹാരം കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും.
ആർ.എസ്.എസുകാർ കൊന്ന് തള്ളിയ നിരപരാധിയായ കൊടിഞ്ഞിയിലെ ഫൈസലിന് ഒരു രൂപയുടെ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാതിരുന്ന പിണറായി സർക്കാറിലെ ഒരു മന്ത്രിയാണ് (മലപ്പുറത്തുകാരെ ഇടക്കിടക്ക് തീവ്രവാദികളെന്ന് ആക്ഷേപിക്കുന്ന മന്ത്രി) തിരുവനന്തപുരത്ത് കൊല്ലപ്പെട്ട സംഘപരിവാർ പ്രവർത്തകന്റെ വീട്ടിൽ ലക്ഷങ്ങളുടെ ചെക്ക് രഹസ്യമായി കൊണ്ടുപോയി കൊടുത്തത്.
കോൺഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും ഒരുപോലെ എതിർക്കപ്പെടേണ്ട പ്രസ്ഥാനങ്ങളാണെന്നുമുള്ള സി.പി.എം നിലപാട് ഇന്ത്യയിൽ മതേതരത്വം പുഷ്കലമാക്കുന്നതിന് പകരം സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെയാണ് വളർത്തുന്നത്. വർഗീയതയെയും മതേതരത്വത്തെയും പ്രതിനിധീകരിച്ച് യഥാക്രമം ബി.ജെ.പിയും കോൺഗ്രസും പോർമുഖത്ത് അണിനിരക്കുമ്പോൾ ഇരുവരും ഒരുപോലെ എതിർക്കപ്പെടേണ്ടവരാണെന്ന സി.പി.എം നിലപാടും അപ്രായോഗിക സ്വപ്നങ്ങളും മതേതര വോട്ടുകളുടെ ഏകോപനത്തെയാണ് കാലങ്ങളായി ഇല്ലാതാക്കുന്നത്.
കമ്യൂണിസ്റ്റ്കാരുടെ ഇത്തരം കപട നാടകങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് ബംഗാളും ത്രിപുരയുമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ വേരോട്ടമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളമെന്ന ഇട്ടാവട്ടത്തേക്ക് ഒതുങ്ങേണ്ടി വന്നത്. എം.പിമാരുടെ എണ്ണം നാൽപത്തി രണ്ടിൽ നിന്ന് ഒൻപതിലേക്ക് ചുരുങ്ങേണ്ടി വന്നതും. ഇന്ത്യൻ മതേതരത്വം തുലാസിലാടുന്ന വേളയിൽ ദീർഘവീക്ഷണമുള്ള നിലപാടും പ്രായോഗിക സമീപനവും സി.പി.എമ്മിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ പിണറായിയിൽ നിന്ന് വളർന്ന സി.പി.എമ്മിന്റെ അന്ത്യം പിണറായിയിലൂടെ തന്നെയാകും.






