ചെമ്പിരിക്ക ഖാസി വധക്കേസ്: സമസ്ത എന്തു ചെയ്തു? നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്ത് - Video 

കോഴിക്കോട്- സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റും ചെമ്പിരിക്ക, മംഗലാപുരം ഖാസിയുമായിരുന്ന സുന്നി പണ്ഡിതന്‍ സി.എം അബ്ദുല്ല മൗലവിയുടെ കൊല്ലപ്പെട്ട് എട്ടു വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ നീതീ ലഭ്യമാക്കാന്‍ സമസ്ത നേതൃത്വം കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി ഒരു വിഭാഗം ശക്തമായി രംഗത്തെത്തി. സമസ്തയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്ന ആരോപണവുമായി സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും രംഗത്തെത്തിയത് സമസ്ത നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്. ചെമ്പിരിക്ക ഖാസി സി.എം ഉസ്താദിന് നീതി ലഭ്യമാക്കുക എന്ന ആവശ്യവുമായി സമുഹ മാധ്യമങ്ങളില്‍ സമസ്ത നേതൃത്വത്തെ ഉന്നമിട്ട് ശക്തമായ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ഖാസിയുടെ ദുരൂഹ മരണം സംബന്ധിച്ച് ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷിച്ചിട്ടും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. പുനരന്വേഷണത്തിന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ശക്തമായ പ്രക്ഷോഭം നടത്തിയതോടെ അന്വേഷണം സി.ബി.ഐ പ്രത്യേക സംഘം ഏറ്റെടുത്തു. ഈ അന്വേഷണത്തിന് വേഗത പോരെന്ന രണ്ടു വര്‍ഷമായി ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപോര്‍ട്ടുകള്‍ വന്നത്. ഇതിനിടെ ദല്‍ഹിയില്‍ ഹിന്ദുത്വരുടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട മദ്രസാ വിദ്യാര്‍ത്ഥിക്ക് നീതി ലഭ്യമാക്കാന്‍ സമസ്ത ഇടപെടുമെന്ന പ്രഖ്യാപനവും വന്നതോടെ സമസ്തയിലെ തന്നെ യുവജനങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് ശക്തമായിരിക്കുകയാണ്. സമസ്തയുടെ ഉന്നതനായ ഒരു നേതാവ് കൊല്ലപ്പെട്ട് എട്ടു വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന് നീതി ഉറപ്പാക്കാതെ ദല്‍ഹിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഈ വിഭാഗത്തെ ചൊടിപ്പിച്ചത്.

സമസ്തയുടെ കീഴ്ഘടകങ്ങളായ എസ്.കെ.എസ്.എസ്.എഫ് അടക്കമുള്ള യുവജന സംഘടനകള്‍ ശക്തമായി പ്രക്ഷോഭം നടത്തി നേരത്തെ ഫലം കണ്ടിരുന്നു. എന്നാല്‍ സമസ്ത നേതൃത്വത്തിന്റെ ഇടപെടലുകള്‍ പോരെന്ന വികാരമാണ് ഇപ്പോള്‍ രംഗത്തെത്തിയ പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. സമസ്തയുടെ കാസര്‍കോട് ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് കൊല്ലപ്പെട്ട സി.എം അബ്ദുല്ല മൗലവിയുടെ കുടുംബത്തിന്റെ ആരോപണവും. 

സമസ്ത കാസര്‍കോട് ജില്ലാ നേതൃത്വവും സി.എം. അബ്ദുല്ല മൗലവി സ്ഥാപിച്ച മലബാര്‍ ഇസ്ലാമിക് കോംപ്ലസ് ഭാരവാഹികളില്‍ ഒരു വിഭാഗവും പ്രക്ഷോഭങ്ങളോട് കാണിച്ച താത്പര്യമില്ലായ്മയും നിരുത്സാഹപ്പെടുത്തുന്ന നീക്കങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.  ഇതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ സമസ്ത നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിനു പുറമെ സമരം നടത്തിയതിനും അതില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ അധ്യാപകര്‍ കമ്മറ്റിയുടെ പ്രതികാര നടപടി നേരിടുന്നു. കുറച്ചു പേര്‍ പുറത്താക്കപ്പെട്ടു. ചിലര്‍ പോലീസ് കേസ് നേരിടുന്നു. സ്ഥാപകന്‍ കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളെ പിടികൂടണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കേണ്ട മലബാര്‍ ഇസ്ലാമിക് കോംപ്ലസ് കമ്മിറ്റി ആണ് പ്രതികാര നടപടി സ്വീകരിക്കുന്നത്. സമസ്ത നേതൃത്വം ഇക്കാര്യത്തില്‍ എന്ത് ചെയ്തുവെന്ന് ഈ വിഭാഗം ചോദിക്കുന്നു. 

അബ്ദുല്ല മൗലവിയുടെ കുടുംബം സമസ്തയില്‍ നിന്ന് നേരിട്ട അവഗണനയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമസ്ത നേതൃത്വത്തിന് മകനയച്ച മൂന്നു കത്തിനും മറുപടി നല്‍കിയിട്ടില്ല. കാസര്‍ഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനയോഗം പോലും മിനുട്‌സിലില്ല എന്നു കുടുംബം ആരോപിക്കുന്നു. സമസ്ത സംസ്ഥാന നേതാക്കളുടെ കാസര്‍ഗോഡ് സന്ദര്‍ശനം സമസ്തയുടെ പ്രാദേശിക നേതൃത്വം തന്നെ തടഞ്ഞു എന്നു സമസ്തയുടെ ഒരു സമുന്നത നേതാവിനെ ഉദ്ധരിച്ചു കുടുംബം ആരോപിക്കുന്നു. 

എന്ത് കൊണ്ട് ഇങ്ങനെ തടയുന്നു, ഇതിനു പിന്നില്‍ എന്താണെന്ന് എന്ത് കൊണ്ട് അന്വേഷിച്ചില്ല, പ്രക്ഷോഭങ്ങള്‍ എന്ത് കൊണ്ട് പ്രക്ഷോഭങ്ങള്‍ എസ് കെ എസ് എസ് എഫില്‍ ഒതുങ്ങി എന്നീ ചോദ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. മുത്തലാഖ്, ശരീഅത്ത് പ്രശ്‌നങ്ങളില്‍ സമസ്ത നടത്തുന്ന ബഹുജന പ്രക്ഷാഭം പോലുള്ള ഇടപെടലുകള്‍ നടത്താന്‍ സമസ്ത നേതൃത്വത്തിന് കഴിഞ്ഞില്ല. ഒരു മാധ്യമ ശ്രദ്ധ കിട്ടുന്ന പ്രസ്താവന സമസ്തയുടെ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായില്ല. കാസര്‍ഗോഡ് നടന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍ പോലും ഒരു പ്രമേയം സി എം അബ്ദുല്ല മൗലവി വിഷയത്തില്‍ വന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2010 ഫെബ്രുവരി 15നാണ് സി.എം. അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ പാറക്കെട്ടിനു സമീപം കണ്ടെത്തിയത്.

Latest News