ന്യൂദൽഹി- റിസർവ് ബാങ്കിന്റെ അധിക ഫണ്ടിൽനിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യം ആർ.ബി.ഐ തള്ളി. മൂലധനം നൽകി പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണെന്ന് പറഞ്ഞാണ് സർക്കാർ പണം ആവശ്യപ്പെട്ടത്. എന്നാൽ ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന വിശകലനത്തെ തുടർന്നാണ് സർക്കാരിന്റെ ആവശ്യം ബാങ്ക് തള്ളിയത്.
തുക ആർ.ബി.ഐക്കും സർക്കാരിനും സംയുക്തമായി കൈകാര്യം ചെയ്യാമെന്നും ധനമന്ത്രാലയം നിർദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
ആർ.ബി.ഐയുടെ ആകെ സർപ്ലസ് ഫണ്ട് 9.59 ലക്ഷം കോടി രൂപയാണ്. ഈ തുകയിൽ നിന്നാണ് 3.6 ലക്ഷം കോടി ധനമന്ത്രാലയം ആവശ്യപ്പെട്ടത്. സർക്കാരും കേന്ദ്ര ബാങ്കും തമ്മിൽ സർപ്ലസ് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയം 2017 ജൂലൈയിലാണ് ആർ.ബി. ഐ അംഗീകരിച്ചിരുന്നത്. 2017-18ൽ അമ്പതിനായിരം കോടി രൂപയാണ് സർപ്ലസ് ഫണ്ടായി ആർ.ബി.ഐ സർക്കാരിന് കൈമാറിയത്. 2016-17ൽ 30,659 കോടി രൂപയും കൈമാറി.
എന്നാൽ ഈ നയത്തിലെ ചട്ടങ്ങൾ ഏകപക്ഷീയമാണെന്നാണ് ധനമന്ത്രാലയത്തിന്റെ ആരോപണം. ചട്ടങ്ങൾ അംഗീകരിച്ച യോഗത്തിൽ സർക്കാരിന്റെ പ്രതിനിധികളുണ്ടായിരുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ അന്ന് അംഗീകരിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും വിഷയത്തിൽ ചർച്ച വേണമെന്നും മന്ത്രാലയം നിരന്തരമായി ആവശ്യപ്പെടുന്നതിനിടെയാണ് സർക്കാരിന്റെ ധന ആവശ്യം ബാങ്ക് തള്ളിയത്.
സർക്കാരിന്റെ ആവശ്യത്തെ 'ദ ഗ്രേറ്റ് ഇന്ത്യൻ റോബറി' എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. റിസർവ് ബാങ്കിനെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് പാർട്ടി പറഞ്ഞു. 2019 തെരഞ്ഞെടുപ്പിന് മുമ്പായി തങ്ങളുടെ ബാധ്യതകൾ തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റിസർവ് ബാങ്കിനോട് പണം ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മണ്ടൻ സാമ്പത്തിക സിദ്ധാന്തങ്ങൾ നടപ്പാക്കാനാണ് പണം ആവശ്യപ്പെടുന്നതെന്ന് പരിഹസിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ സർക്കാരിന് വഴങ്ങരുതെന്നും രാജ്യത്തിന് സംരക്ഷണമൊരുക്കണമെന്നും റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനോട് ആവശ്യപ്പെട്ടു.