കോട്ടയം- ശബരിമലയിൽ സ്റ്റാറ്റസ്‌കോ നിലനിർത്തി സർക്കാർ. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുളള ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചുവെങ്കിലും എൻ.എസ്.എസ് ഉൾപ്പെടെയുളള സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തന്ത്രപരമായ സമീപനത്തിലേക്ക് മാറി. ഇതോടെ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി ഇക്കുറി നടപ്പായില്ല. ഫലത്തിൽ തുടർന്നുവന്ന ആചാരം അതേപടി നിലനിർത്തി.
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴുളള അഞ്ചു ദിവസവും ഇന്നലെ രാത്രി അവസാനിച്ച ചിത്തിര ആട്ട വിശേഷത്തിലും ശബരിമല കയറാനായി യുവതികൾ സമീപിച്ചുവെങ്കിലും വളരെ തന്ത്രപൂർവമായ നിലപാടാണ് സ്വീകരിച്ചത്. ശബരിമലയിലെത്തിയാലുളള പ്രതിഷേധത്തെക്കുറിച്ച് ആദ്യം പറഞ്ഞു മനസിലാക്കുകയാണ് പോലീസ് ചെയ്തത്. ചേർത്തലയിൽ നിന്ന് കുടുംബ സമേതം യുവതിയായ വീട്ടമ്മയെത്തിയെങ്കിലും ഒടുവിൽ പിൻവാങ്ങി.
ശബരിമലയിലെത്തിയ പല സ്ത്രീകളുടെയും ആധാർ കാർഡ് ഉൾപ്പടെയുളള തിരിച്ചറിയിൽ രേഖകൾ വാങ്ങി പരിശോധിച്ചത് പോലീസാണ്. ആരാധനാലയമായതിനാൽ കടുത്ത നടപടി വേണ്ടെന്ന് തത്വത്തിൽ തീരുമാനം ഉണ്ടായിരുന്നു. പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി തണുപ്പിച്ചതും അതാണ്.
ഇനി മണ്ഡല മകരവിളക്കു കാലമാണ്. ശബരിമലയിലെ ഏറ്റവും നീണ്ട സീസണും ഇതു തന്നെയാണ്. അതിന് മുമ്പ് സുപ്രീം കോടതിയിൽ റിവ്യൂ ഹരജികൾ എത്തും. 17 നാണ് ഇനി ശബരിമല നട തുറക്കുക. 13 ന് സുപ്രീം കോടതി ഹരജികൾ പരിഗണിക്കും. 13 ന് ഉച്ചയ്ക്ക് തുറന്ന കോടതിയിലാണ് ഹരജികൾ കേൾക്കുക. 19 പുനഃപരിശോധന ഹരജികളാണ് പരിഗണിക്കുക. കോടതിയിൽ അടുത്ത കേസ് പരിഗണിക്കും മുമ്പേ ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കുക എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതിലേക്കായാണ് 3000 ലധികം പോലീസുകാരെ പമ്പയിലും ശബരിമലയിലുമായി വിന്യസിച്ചത്. പക്ഷേ സംഘപരിവാർ സംഘടനകൾ കടുത്ത പ്രതിരോധമാണ് തീർത്തത്.
ബിജെപിയുടെ തീപ്പൊരി നേതാക്കളെയെല്ലാം അവർ രംഗത്ത് ഇറക്കി. കെ.സുരേന്ദ്രനെപ്പോലെയുളള നേതാക്കളെ ശബരിമലയിൽ എത്തിച്ചു. പോലീസ് തങ്ങരുതെന്ന് നിഷ്‌കർഷിച്ചാലും പിടിച്ചു നിൽക്കാനായി ദിനപൂജയ്ക്കുളള രസീതും വാങ്ങി. ആർഎസ്എസ് നേതൃനിരയും സജീവമായി. അവരുടെ കേരളത്തിലെ പ്രമുഖ നേതാവ് വൽസൻ തില്ലങ്കേരിയെ ശബരിമലയിലേക്ക് എത്തിച്ചതും ദേശീയ തലത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്.
ശബരിമലയെ എങ്ങനെയും പ്രശ്‌ന സങ്കീർണമാക്കി ദേശീയ ശ്രദ്ധയിൽ എത്തിക്കുക എന്ന അജണ്ടയിലേക്ക് മാറിയതോടെ സർക്കാർ നീക്കം കരുതലോടെയായി. കഴിഞ്ഞ തവണ വിവാദത്തിലായ ഐ.ജി ശ്രീജിത്തിനെയും മനോജ് എബ്രഹാമിനെയും ഇക്കുറി ഡ്യൂട്ടിക്ക് നിയോഗിച്ചില്ല. പോലീസ് പ്രകോപനപരമായി പ്രവർത്തിച്ചാൽ കളം മാറും. അതാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതെന്ന് സി.പി.എമ്മിന് നന്നായി അറിയാം.
ഇതോടെയാണ് തന്ത്രപരമായ നിലപാട് സ്വീകരിച്ചത്. അധികം പ്രകോപനം വേണ്ട. 13 കഴിയും വരെ ഇതേ നിലപാട്. അതിനു ശേഷത്തെ കാലാവസ്ഥ നോക്കി മണ്ഡല കാലത്ത് പുതിയ സമീപനം. അതാണ് ഇപ്പോഴത്തെ തീരുമാനം. അഥവാ യുവതി പ്രവേശനം സാധ്യമായില്ലെങ്കിലും അതിലേക്കായി ഒരുക്കിയ പോലീസ് സംവിധാനം സർക്കാരിന് കോടതിയിൽ ചൂണ്ടിക്കാട്ടാനാവും.
അതുവഴി വിധി നടപ്പാക്കാതിരുന്നതിനെതിരായി വരാവുന്ന വിമർശനത്തെ തടയാനാവും എന്നാണ് കണക്കു കൂട്ടൽ. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കിയ എല്ലാവർക്കും എതിരെ പിന്നീട് നടപടിയെടുക്കും.
സുപ്രീം കോടതി വിധി പ്രഖ്യാപിപ്പോൾ തന്നെ അത് നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ ലക്ഷ്യമിട്ടത് ദേശീയ തലത്തിലുളള അംഗീകാരമാണ്. ഇഎംഎസ് ഭരണകൂടത്തിന് ശേഷം കേരളത്തിലെ നവോത്ഥാനത്തിലേക്ക് നയിച്ച സർക്കാർ എന്ന സമാനതകളില്ലാത്ത നേട്ടം. കോൺഗ്രസും ആർഎസ്എസും ആദ്യഘട്ടത്തിൽ വിധിയെ സ്വാഗതം ചെയ്തതോടെ കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിലായെന്ന് തന്നെ കരുതി.
പക്ഷേ ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന കടുത്ത നിലപാടിലേക്ക് എൻ.എസ.്എസ് നീങ്ങിയതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മാറി. കോൺഗ്രസും ബി.ജെ.പിയും അത് ഏറ്റുപിടിക്കുകയും ബി.ജെ.പി ഒരു ചുവട് മുന്നോട്ടു പോകുകയും ചെയ്തതോടെ സർക്കാർ വെട്ടിലായി. പക്ഷേ വിധി എന്തു വിലകൊടുത്തും നടപ്പാക്കുക എന്ന ആദ്യ നിലപാടിൽ വെള്ളം ചേർക്കാൻ തയാറായില്ല. പക്ഷേ പിന്നീട് സർക്കാർ തന്ത്രപരമായ നീക്കത്തിലേക്ക് മാറി.
ഹരജികൾ തള്ളുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന ഘട്ടത്തിലെത്തിയാൽ സർക്കാരിന് പിന്നെ ഒന്നും നോക്കാനില്ല. അതുവരെ കാത്തിരിക്കാനാണ് ഇനി പരിപാടി.