Sorry, you need to enable JavaScript to visit this website.

മധ്യസ്ഥശ്രമം വിജയിച്ചു; സൗദിയില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ ഒഴിവായി

സൗദി യുവാവ് മുദാവി മൂസ ആലു ഖുസൈം കൊലപ്പെടുത്തിയ അഹ്മദ് മുഹമ്മദ് അൽഖുസൈമിയുടെ തിഹാമ ഖഹ്താനിൽ വാദി അൽഹയാത്തിലെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങളുമായി തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ചർച്ച നടത്തുന്നു.

പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


ജിസാൻ- കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി പൗരന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകി. ജിസാൻ ഗവർണറും പ്രവിശ്യാ അനുരഞ്ജന കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് ബിൻ നാസിർ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരനും നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായാണ് പ്രതിക്ക് മാപ്പ് നൽകുന്നതിന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ സന്നദ്ധരായത്. സൗദി പൗരൻ മിസ്അബ് ബിൻ മുഹമ്മദ് ഹാദി മഹ്‌റസിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൽ അസീസ് ബിൻ ഹാദി മഹ്‌റസിക്കാണ് മിസ്അബിന്റെ കുടുംബം മാപ്പ് നൽകിയത്. 
ജിസാൻ ജയിലിൽ കഴിയുന്ന പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിക്ക് മാപ്പ് ലഭ്യമാക്കുന്നതിന് അനുരഞ്ജന കമ്മിറ്റി ശ്രമങ്ങൾ ആരംഭിച്ചത്. മിസ്അബ് മഹ്‌റസിയുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ജിസാൻ ഗവർണറെയും ഡെപ്യൂട്ടി ഗവർണറെയും സന്ദർശിച്ച് പ്രതിക്ക് മാപ്പ് നൽകുന്നതിനുള്ള തീരുമാനം അറിയിച്ചു. 
മറ്റൊരു സംഭവത്തിൽ, അസീറിലും കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകി. അസീർ ഡെപ്യൂട്ടി ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് കൊലക്കേസ് പ്രതിയായ സൗദി യുവാവ് മുദാവി മൂസ ആലു ഖുസൈമിന് മാപ്പ് ലഭ്യമാക്കിയത്. മുദാവി കൊലപ്പെടുത്തിയ അഹ്മദ് മുഹമ്മദ് അൽഖുസൈമിയുടെ തിഹാമ ഖഹ്താനിലെ വാദി അൽഹയാത്തിലെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങളുമായി തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ചർച്ചകൾ നടത്തുകയും ഇത് ഫലപ്രാപ്തിയിൽ എത്തുകയുമായിരുന്നു. 

 

Latest News